സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ആശ്വാസ ദിനം. ഇന്നലെ രാവിലെ പവന് 200 രൂപ കുറഞ്ഞ് ആരംഭിച്ച വിപണിയിൽ വൈകുന്നേരത്തോടെ വില കൂടിയ സാഹചര്യമാണുണ്ടായിരുന്നത്. പവന് 800 രൂപയാണ് ഇന്നലെ വർദ്ധിച്ചത്. ഇതിന് പിന്നാലെയാണ് ഇന്നത്തെ ഇളവ്.
880 രൂപയാണ് ഒരു പവന് ഇന്ന് കുറഞ്ഞത്. 1,16,160 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്. 14,520 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ട നിരക്ക്. സ്വർണവില വീണ്ടും പഴയ റെക്കോർഡ് നിരക്കുകളിലേക്ക് തിരിച്ചെത്തുമോ എന്നാണ് ആഭരണം വാങ്ങാനായി കാത്തിരിക്കുന്നവരുടെ പ്രധാന ആശങ്ക.
ഫെബ്രുവരി മാസത്തിൻ്റെ തുടക്കത്തിൽ സ്വർണ്ണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഫെബ്രുവരി 2-ന് പവൻ്റെ വില 1.10 ലക്ഷത്തിന് താഴെ (1,07,920 രൂപ) എത്തി ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തി. എന്നാൽ പിന്നീട് വിപണി തിരിച്ചു കയറുന്ന കാഴ്ചയാണ് കണ്ടത്. ജനുവരി അവസാന വാരം സ്വർണ്ണവില പവന് 1.30 ലക്ഷം രൂപ കടന്ന് റെക്കോർഡ് ഇട്ടിരുന്നു.
ആ പഴയ നിരക്കിലേക്ക് വിപണി വീണ്ടും നീങ്ങുമോ എന്നതാണ് ഇപ്പോൾ ഉപഭോക്താക്കളെ ആശങ്കപ്പെടുത്തുന്നത്. ഇന്നത്തെ നേരിയ കുറവ് ആഭരണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ചെറിയ ആശ്വാസം നൽകുന്നുണ്ട്.
വിലയിൽ പ്രതിഫലിക്കുന്ന ആഗോള മാറ്റങ്ങൾ
അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില ഔൺസിന് 4,600 ഡോളർ നിലവാരത്തിൽ നിന്ന് വീണ്ടും ശക്തിയാർജ്ജിക്കുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 14 രാജ്യങ്ങൾക്കുമേൽ പുതിയ താരിഫ് നിയന്ത്രങ്ങൾ പ്രഖ്യാപിച്ചത് ആഗോള വിപണിയിൽ അനിശ്ചിതത്വം സൃഷ്ടിച്ചു.
താരിഫ് യുദ്ധം ശക്തമാകുമെന്ന സൂചനകൾ നിക്ഷേപകരെ വീണ്ടും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിലേക്ക് ആകർഷിച്ചു. ഇതോടൊപ്പം ഡോളർ ഇൻഡക്സിലുണ്ടായ ഇടിവും സ്വർണ്ണത്തിന് കരുത്തേകി. പലിശ നിരക്കുകൾ സംബന്ധിച്ച യുഎസ് ഫെഡറൽ റിസർവിന്റെ പുതിയ നിലപാടുകളും വിപണിയിലെ ചാഞ്ചാട്ടങ്ങൾക്ക് കാരണമായിട്ടുണ്ട്.
വിവാഹ സീസണും നിലവിലെ വിപണി സാഹചര്യവും
വിവാഹ സീസൺ തുടരുന്ന സാഹചര്യത്തിൽ വിലയിലുണ്ടാകുന്ന ഈ അപ്രതീക്ഷിത മാറ്റങ്ങൾ സാധാരണക്കാർക്ക് വലിയ വെല്ലുവിളിയാണ്. ഇന്നത്തെ വിലയനുസരിച്ച് പണിക്കൂലിയും ജിഎസ്ടിയും ചേർത്ത് ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 1.30 ലക്ഷത്തിന് മുകളിൽ നൽകേണ്ടി വരും.
അന്താരാഷ്ട്ര തലത്തിൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്നതും സാമ്പത്തിക നയങ്ങളിലെ അവ്യക്തതയും സ്വർണ്ണവിലയിൽ വരും ദിവസങ്ങളിലും വലിയ മാറ്റങ്ങൾക്ക് വഴിതെളിച്ചേക്കാം. എങ്കിലും ഇന്നലത്തെ വലിയ വർദ്ധനവിന് ശേഷം ഇന്നുണ്ടായ കുറവ് വിപണിയിൽ പോസിറ്റീവ് ചലനമുണ്ടാക്കുന്നുണ്ട്.



