ആഗോള അയ്യപ്പ സംഗമം നടത്തിയതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ഓഡിറ്റ് റിപ്പോർട്ട്. ഓഡിറ്റ് റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും.  അയ്യപ്പസം​ഗമത്തിന് വേണ്ടി സർക്കാറിൽ നിന്നും ദേവസ്വം ബോർഡിൽ നിന്നും പണം കൈപ്പറ്റരുത് എന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. 

ഫണ്ട് വിനിയോഗത്തിൽ ദേവസ്വം ബോർഡിന് വീഴ്ച പറ്റിയെന്നും സംഗമത്തിന് സർക്കാരിന്റെ പണം ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് ലംഘിക്കപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്താമെന്നാണ് കരുതിയിരുന്നത്. ആ​ഗോള അയ്യപ്പസം​ഗമത്തിന് എട്ടു കോടി ചിലവാണ് പ്രതീക്ഷിക്കുന്നതെന്ന് ദേവസ്വം മന്ത്രി തന്നെ മുമ്പ് പറഞ്ഞിരുന്നു. എത്രരൂപ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തി എന്ന് വ്യക്തമല്ല.   

ദേവസ്വം ബോർഡിന്റെ സർപ്ലസ് ഫണ്ടിൽ നിന്നാണ് 3.4 കോടി രൂപ എടുത്തിട്ടുള്ളത്. ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആ​ഗോള അയ്യപ്പസം​ഗമത്തെ കുറിച്ചും പരാമർശമുണ്ട്.