പ്രമുഖ മാധ്യമപ്രവർത്തകൻ രവി നായർക്ക് തടവ് ശിക്ഷ. അദാനി എന്റർപ്രൈസസ് ലിമിറ്റഡ് ഫയൽ ചെയ്ത ക്രിമിനൽ മാനനഷ്ടക്കേസിലാണ്  രവി നായർക്ക് മൻസയിലെ കോടതി ഒരു വർഷം തടവ് ശിക്ഷ വിധിച്ചത്. ഗുജറാത്തിലെ മൻസയിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയാണ് കേസ് പരിഗണിച്ചത്. രവി നായർ കമ്പനിയുടെ പ്രശസ്തിക്ക് കളങ്കമുണ്ടാക്കുന്ന ട്വീറ്റുകളും ഓൺലൈൻ ലേഖനങ്ങളും പ്രസിദ്ധീകരിച്ചതായി ആരോപിച്ച് അദാനി എന്റർപ്രൈസസ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 500 പ്രകാരം സ്വകാര്യ പരാതി ഫയൽ ചെയ്തിരുന്നു.

പരാതി പ്രകാരം, @t_d_h_nair എന്ന ഹാൻഡിലിൽ നിന്ന് 2020 ഒക്ടോബർ മുതൽ 2021 ജൂലൈ വരെ രവി നായർ തുടർച്ചയായി ട്വീറ്റുകൾ പോസ്റ്റ് ചെയ്തു. adaniwatch.org എന്ന വെബ്‌സൈറ്റിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതായും കമ്പനി കോടതിയെ അറിയിച്ചു. അദാനി ഗ്രൂപ്പിനെതിരെ അഴിമതി, സർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്യൽ, പരിസ്ഥിതി ലംഘനങ്ങൾ, രാഷ്ട്രീയ പിന്തുണ എന്നിവ ആരോപിച്ച് ഈ പോസ്റ്റുകൾ വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചതായും ഇത്തരം ഉള്ളടക്കങ്ങൾ തങ്ങളുടെ സൽപ്പേരിനും പ്രശസ്തിക്കും, പ്രത്യേകിച്ച് നിക്ഷേപകർക്കും റെഗുലേറ്റർമാർക്കും ഇടയിൽ നഷ്ടമുണ്ടാക്കിയെന്നും കമ്പനി വാദിച്ചു.