എല്ലാ ഔദ്യോഗിക ചടങ്ങുകളിലും സംസ്ഥാനതല പരിപാടികളിലും വന്ദേമാതരം ആലപിക്കുന്നത് കേന്ദ്ര സർക്കാർ നിർബന്ധമാക്കി. ആറ് ചരണങ്ങളുള്ള വന്ദേമാതരത്തിൻ്റെ പ്രത്യേക പതിപ്പാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് മിനിറ്റ് പത്ത് സെക്കൻഡ് ദൈർഘ്യമുള്ള ഈ പതിപ്പ് ആലപിക്കണമെന്നാണ് പുതിയ നിർദ്ദേശമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഔദ്യോഗിക ചടങ്ങുകളിൽ ഐകരൂപ്യവും കൃത്യമായ പ്രോട്ടോക്കോളും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ദേശീയ പതാക ഉയർത്തുന്ന ചടങ്ങുകൾ, രാഷ്ട്രപതി പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികൾ തുടങ്ങിയവയിൽ വന്ദേമാതരം ആലപിക്കണം. രാഷ്ട്രപതിയുടെ പ്രസംഗങ്ങൾക്കും ദേശീയ അഭിസംബോധനകൾക്കും മുന്നോടിയായും ശേഷവും ഈ ഗീതം കേൾപ്പിക്കുകയോ ആലപിക്കുകയോ ചെയ്യേണ്ടതുണ്ട്. സംസ്ഥാന ഗവർണർമാർ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളിലും സമാനമായ പ്രോട്ടോക്കോൾ ബാധകമാണ്. അവരുടെ വരവിനും പ്രസംഗങ്ങൾക്കും മുൻപും ശേഷവും വന്ദേമാതരം ആലപിക്കണം.



