ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ നിർണ്ണായക മത്സരത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. ഇന്ത്യൻ ഓപ്പണറും ലോക ഒന്നാം നമ്പർ ടി20 ബാറ്ററുമായ അഭിഷേക് ശർമ്മയെ വയറിലുണ്ടായ അണുബാധയെത്തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ചയാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച നമീബിയക്കെതിരായ മത്സരം ഡൽഹിയിൽ നടക്കാനിരിക്കെ താരം കളിക്കുമോ എന്ന കാര്യത്തിൽ വലിയ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഞായറാഴ്ച കൊളംബോയിലാണ് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം നിശ്ചയിച്ചിരിക്കുന്നത്.

തിങ്കളാഴ്ച നടന്ന പരിശീലന സെഷനിൽ അഭിഷേക് പങ്കെടുത്തിരുന്നില്ല. ഫെബ്രുവരി 7-ന് യുഎസ്എയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സിലും താരം ഫീൽഡിംഗിന് ഇറങ്ങിയിരുന്നില്ല. നമീബിയക്കെതിരായ മത്സരത്തിന് മുൻപ് താരം സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ടീം മാനേജ്‌മെന്റ്.