സഭയിലും സമൂഹത്തിലും പൗരോഹിത്യത്തിന്റെ പ്രാധാന്യവും, ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നിവയുടെ അർത്ഥവും ഓർമ്മപ്പെടുത്തിക്കൊണ്ട്, ലിയോ പതിനാലാമൻ പാപ്പാ, സ്‌പെയിനിലെ മാഡ്രിഡിൽ സമ്മേളിച്ചിരിക്കുന്ന വൈദിക കൂട്ടായ്മയെ അഭിസംബോധന ചെയ്തു കൊണ്ട് ലേഖനമെഴുതി. പുരോഹിതന്റെ ക്ഷീണവും ഏകാന്തതയും; ഭരണപരമായ അമിതഭാരം; മെത്രാൻമാരുമായുള്ള ബന്ധം; സുവിശേഷവൽക്കരണത്തിന് തടസ്സമാകുന്ന ഘടനകളുടെ അവലോകനം, എന്നിങ്ങനെ നാല് വിഷയങ്ങളിന്മേലാണ്, വൈദിക സമ്മേളനത്തിന്റെ ചർച്ചകൾ നടത്തുന്നത്.

സാഹോദര്യത്തിനും ഐക്യത്തിനും,  പൊതുവായ വിഷയങ്ങൾ അഭിസംബോധന ചെയ്യുന്നതിനും, വൈദികരെന്ന  നിലയിൽ  പങ്കുവയ്ക്കുന്ന പൗരോഹിത്യദൗത്യത്തിൽ പരസ്പരം പിന്തുണയ്ക്കുന്നതിനും ഈ വൈദിക കൂട്ടായ്മ സഹായകരമാകട്ടെയെന്ന് പാപ്പാ ലേഖനത്തിൽ ആശംസിച്ചു. വൈവിധ്യമാർന്ന ഇടവകകളിലും സാഹചര്യങ്ങളിലും, പലപ്പോഴും കഷ്ടപ്പാടുകൾ, സങ്കീർണ്ണമായ സാഹചര്യങ്ങൾ, ദൈവം മാത്രം സാക്ഷിയായ നിശബ്ദ സമർപ്പണം എന്നിവയിലൂടെ ജീവിതം നയിക്കുന്ന വൈദികരുടെ പ്രതിബദ്ധതയെ പാപ്പാ പ്രത്യേകം ചൂണ്ടിക്കാട്ടി. ‘പ്രിയ മക്കളെ’ എന്നാണ് പാപ്പാ, കത്തിൽ വൈദികരെ അഭിസംബോധന ചെയ്യുന്നത്.

അടുപ്പം, പ്രോത്സാഹനം എന്നീ വാക്കുകൾക്കൊപ്പം, ഇന്നത്തെ സാംസ്കാരിക, സാമൂഹിക പശ്ചാത്തലത്തിൽ പുരോഹിതന്റെ വ്യക്തിത്വത്തെക്കുറിച്ച് ശാന്തവും സത്യസന്ധവുമായ ഒരു പ്രതിഫലനം ആവശ്യമാണെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. സുവിശേഷം നിസ്സംഗതയെ മാത്രമല്ല, വ്യത്യസ്തമായ ഒരു സാംസ്കാരിക ഭൂപ്രകൃതിയെയും അഭിമുഖീകരിക്കുന്നുവെന്നു പറഞ്ഞ പാപ്പാ, പങ്കുവയ്ക്കലിന്റെ മഹത്വവും എടുത്തു പറഞ്ഞു.

ഭൗതിക പുരോഗതി,  മനുഷ്യഹൃദയത്തിന്റെ ആഴമേറിയ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടുവെന്നും, അതിനാൽ, കൂടുതൽ സത്യസന്ധവും ആധികാരികവുമായ ഒരു അന്വേഷണത്തിലേക്ക് സ്വയം തുറക്കാൻ തുടങ്ങുകയും, അത് അവരെ ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയിലേക്ക് തിരികെ നയിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. അതിനാൽ ഇന്ന് സഭയ്ക്ക്, പ്രത്യേകമായും മാഡ്രിഡ് സഭാസമൂഹത്തിനു നിരവധി ജോലികളാലോ ഫലങ്ങളുടെ സമ്മർദ്ദത്താലോ നിർവചിക്കപ്പെട്ട വൈദികരെയല്ല, മറിച്ച് ക്രിസ്തുവിനോട് ഇണങ്ങിച്ചേർന്നവരെയാണ് ആവശ്യമെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

പൗരോഹിത്യത്തിന്റെ കാതലായ അർത്ഥം, മറ്റൊരു ക്രിസ്തുവായി മാറുക എന്നതാണെന്നും, ആധികാരികമായ ഒരു ജീവിതം നയിക്കുക എന്നതാണെന്നും, ലേഖനത്തിൽ എടുത്തുപറയുന്നു.ഒരു പുരോഹിതൻ പൊങ്ങച്ചം കാണിക്കേണ്ടവനല്ലെന്നും, മറഞ്ഞിരിക്കുന്ന ഒരു ജീവിതം നയിക്കേണ്ടവനല്ലെന്നും, മറിച്ച്,  ജീവിതം ദൃശ്യവും, സ്ഥിരതയുള്ളതും, വെളിപ്പെട്ടതുമായിരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്നു പാപ്പാ പറഞ്ഞു.

പുരോഹിതൻ ഒരിക്കലും അതിൽത്തന്നെ ഒരു അവസാനമല്ല. അവന്റെ മുഴുവൻ ജീവിതവും ദൈവത്തിലേക്ക് വിരൽ ചൂണ്ടാനും, അവനെ അനുഗമിക്കുവാനും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും, ഈ വഴിയിൽ  ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം പുരോഹിതരെ ഏറെ സഹായിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. ഇത് ജീവിതനിഷേധമായിട്ടല്ല, മറിച്ച് മനുഷ്യർക്കിടയിൽജീവിക്കുമ്പോൾ പുരോഹിതന് പൂർണ്ണമായും ദൈവത്തിന്റേതായി മാറാൻ കഴിയുന്ന ഒരു മൂർത്തമായ മാർഗമാണെന്നും പാപ്പാ ലേഖനത്തിൽ ഊന്നിപ്പറഞ്ഞു.

പൗരോഹിത്യ  സാഹോദര്യം പരസ്പരം അറിയുന്നതിന്റെ മൂർത്തമായ അനുഭവമെന്ന നിലയിൽ, പുരോഹിതർ പരസ്പരം ഉത്തരവാദിത്തമുള്ളവരായിരിക്കുവാനും, സഹോദരീസഹോദരന്മാരുടെ ജീവിതത്തോട് ശ്രദ്ധാലുവായിരിക്കുവാനും, പരസ്പരം പിന്തുണയ്ക്കാൻ തയ്യാറാകുവാനും പാപ്പാ ഉദ്‌ബോധിപ്പിച്ചു. അവസാനമായി വിശുദ്ധിയിലേക്കുള്ള വൈദികരുടെ ആത്യന്തികമായ വിളിയെയും പാപ്പാ അനുസ്മരിച്ചു.