ആരോഗ്യനില വഷളായതിനെ തുടർന്ന് എൻസിപി-എസ്പി നേതാവ് ശരദ് പവാറിനെ പൂനെയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചുമയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിടി സ്കാനിൽ നെഞ്ചിൽ അണുബാധ ഉണ്ടായതായി കണ്ടെത്തി. പരിശോധനകൾക്ക് ശേഷം കൂടുതൽ ചികിത്സയ്ക്കായി അദേഹത്തെ മുംബൈയിലേക്ക് മാറ്റണമോ എന്ന് തീരുമാനിക്കുമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
85 വയസുള്ള ശരദ് പവാറിനെ ഉച്ചകഴിഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. മകളും ലോക്സഭാംഗവുമായ സുപ്രിയ സുലെ, ഭർത്താവ് സദാനന്ദ് സുലെയുമാണ് ഒപ്പമുണ്ടായിരുന്നത്. ഓറൽ കാൻസർ അതിജീവിച്ച പവാറിന് തൊണ്ടയിലെ അണുബാധ, തുടർച്ചയായ ചുമ, നെഞ്ചെരിച്ചിൽ എന്നിവ ഉണ്ടായിരുന്നുവെന്ന് പാർട്ടി വൃത്തങ്ങൾ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു
നാല് തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ശരദ് പവാർ കേന്ദ്രത്തിൽ പ്രതിരോധ, കൃഷി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1999ൽ കോൺഗ്രസ് വിട്ട് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി രൂപീകരിച്ചു. രാഷ്ട്രീയത്തിനൊപ്പം ക്രിക്കറ്റുമായും അടുത്ത ബന്ധം പുലർത്തിയ പവാർ, 2005 മുതൽ 2008 വരെ ബിസിസിഐ പ്രസിഡന്റായും 2010 മുതൽ 2012 വരെ ഐസിസി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
രാഷ്ട്രീയത്തിന് പുറമേ ക്രിക്കറ്റുമായും ശരദ് പവാറിന് ബന്ധമുണ്ടായിരുന്നു. 2005 മുതൽ 2008 വരെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) പ്രസിഡന്റായും 2010 മുതൽ 2012 വരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) പ്രസിഡന്റായും അദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013 ഒക്ടോബർ മുതൽ 2017 ജനുവരി വരെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു ശരദ് പവാർ.



