പാർലമെന്റിലെ ഭരണ – പ്രതിപക്ഷ തർക്കത്തിൽ സമവായശ്രമം വിജയിച്ചില്ല. ലോക്സഭാ സ്പീക്കർ ഓം ബിർളയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിനായി പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. 118 എംപിമാരാണ് നോട്ടീസിൽ ഒപ്പിട്ടത്. ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്ത സാഹചര്യത്തിൽ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിങ്ങിന് പ്രതിപക്ഷ നേതാക്കൾ നോട്ടീസ് കൈമാറി.
എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണം എന്ന കത്തും സ്പീക്കർക്ക് നൽകി. അതേസമയം, തൃണമൂൽ കോൺഗ്രസ് നോട്ടിസിൽ ഓപ്പിട്ടില്ല. 14 ദിവസത്തിന് ശേഷമായിരിക്കും നോട്ടീസ് പരിഗണിക്കുക.
ലോക്‌സഭ ചരിത്രത്തിൽ ഇത് നാലാം തവണയാണ് സ്പീക്കർക്കെതിരേ അവിശ്വാസ നോട്ടീസ് നൽകുന്നത്. ഇന്ത്യസഖ്യ യോഗം ചേർന്നാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നൽകാൻ തീരുമാനിച്ചത്. എന്നാൽ എൻഡിഎ ഭരണത്തിൽ ആദ്യമായാണ് സ്പീക്കർക്കെതിരേ അവിശ്വാസ പ്രമേയ നോട്ടീസ് നൽകുന്നത്.



