ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എ എന്ന നിലയിൽ രാജ്യ ശ്രദ്ധ നേടിയിരുന്നു ബീഹാറിലെ അലിനഗർ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായ മൈഥിലി താക്കൂർ. രാജ്യത്ത് നിരവധി ആരാധകരുള്ള ഗായിക കൂടിയാണ് മൈഥിലി. ഇപ്പോഴിതാ ബീഹാർ നിയമസഭയിലെ മൈഥിലിയുടെ ഇടപെടലാണ് വാർത്തകളിൽ നിറയുന്നത്. നിയമസഭ നടപടികൾക്കിടെ തന്റെ മണ്ഡലത്തിലെ സർക്കാർ ആശുപത്രിയുടെ അവസ്ഥയെ ചോദ്യം ചെയ്തിരിക്കുകയാണ് അവർ. ഔദ്യോഗിക രേഖകളിലുള്ളതിനേക്കാൾ തീർത്തും വ്യത്യസ്തമാണ് നേരിട്ടുള്ള യാഥാർത്ഥ്യമെന്ന് അവർ പറഞ്ഞു.
ആരോഗ്യമന്ത്രി മംഗൾ പാണ്ഡെയുടെ രേഖാമൂലമുള്ള മറുപടി തള്ളിക്കളഞ്ഞ മൈഥിലി, മന്ത്രിയുടെ മറുപടിയിൽ പൂർണ്ണമായും തൃപ്തയല്ല എന്ന് വ്യക്തമാക്കി. ചോദ്യോത്തര വേളയിൽ ആശുപത്രിക്ക് അറ്റകുറ്റപ്പണികൾ മാത്രമാണ് ആവശ്യമെന്നും അത് ജീർണ്ണാവസ്ഥയിലല്ലെന്നുമുള്ള മന്ത്രിയുടെ പ്രസ്താവനയെ ബി.ജെ.പി അംഗമായ മൈഥിലി താക്കൂർ നിഷേധിച്ചു. താൻ നേരിട്ട് ആശുപത്രി സന്ദർശിച്ച അനുഭവം വെച്ച് ഈ അവകാശവാദത്തെ മൈഥിലി എതിർക്കുകയായിരുന്നു.



