വാഷിംഗ്ടൺ ഡിസി: യുഎസിലെ ജോർജിയയിലുള്ള ഗെയിൻസ്‌വില്ലിൽ തിരക്കേറിയ റോഡിൽ വിമാനം ഇറക്കുന്നതിനിടെ വാഹനങ്ങളുമായി കൂട്ടിയിടിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. എൻജിൻ തകരാറിനെത്തുടർന്ന് റോഡിലിറക്കിയ വിമാനം നിരവധി കാറുകളുമായി ഇടിച്ചെങ്കിലും നിസാര പരിക്കുകളോടെ യാത്രക്കാർ രക്ഷപ്പെട്ടു.

ഗെയിൻസ്‌വില്ലയിലെ ലീ ഗിൽമർ മെമ്മോറിയൽ വിമാനത്താവളത്തിൽ നിന്ന് കാന്‍റണിലെ ചെറോക്കി കൗണ്ടി റീജണൽ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് വിമാനം അപകടത്തിൽപ്പെട്ടത്.

പറന്നുയർന്ന ഉടൻ എൻജിൻ തകരാർ ശ്രദ്ധയിൽപ്പെട്ട പൈലറ്റ് തിരികെ ഇറക്കാൻ ശ്രമിച്ചെങ്കിലും റൺവേയിൽ എത്താൻ കഴിയാത്തതിനാലാണ് റോഡിൽ ഇറക്കിയത്. അപകടത്തെ തുടർന്ന് റോഡ് അടച്ചിടുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.