മിഷിഗണും ഒൻ്റാറിയോയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ അതിർത്തി പാലമായ ഗോർഡി ഹോ ബ്രിഡ്ജിന്റെ (Gordie Howe Bridge) പ്രവർത്തനം തടയുമെന്ന് ഭീഷണിപ്പെടുത്തി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. പ്രസ്തുത പ്രോജക്റ്റിനെക്കുറിച്ച് കാനഡയുമായി ചർച്ചകൾ ആരംഭിക്കുമെന്നും അമേരിക്കയ്ക്ക് മതിയായ നഷ്ടപരിഹാരവും ഈ ആസ്തിയുടെ പകുതി ഉടമസ്ഥാവകാശവും ലഭിക്കുന്നത് വരെ പാലം തുറക്കാൻ അനുവദിക്കില്ലെന്നുമാണ് ട്രംപിന്റെ നിലപാട്.
തിങ്കളാഴ്ച തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ (Truth Social) പങ്കുവെച്ച കുറിപ്പിലൂടെയാണ് ട്രംപ് പുതിയ വിവാദത്തിന് തിരി കൊളുത്തിയത്. പതിറ്റാണ്ടുകളായി കാനഡ അമേരിക്കയോട് വളരെ അന്യായമായാണ് പെരുമാറുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒന്റാറിയോയ്ക്കും മിഷിഗണും ഇടയിലുള്ള പുതിയ പാലം തുറക്കാൻ അനുവദിക്കണമെങ്കിൽ വാഷിംഗ്ടണിന് പൂർണ്ണമായ നഷ്ടപരിഹാരം ലഭിക്കണം. “ഞങ്ങൾ ഉടനടി ചർച്ചകൾ ആരംഭിക്കും,” ട്രംപ് എഴുതി.



