ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കാനിരിക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് പാകിസ്ഥാൻ സ്ഥിരീകരിച്ചതിന് പിന്നാലെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് നന്ദി അറിയിച്ച് ശ്രീലങ്കൻ പ്രസിഡൻ്റ് അനുര കുമാര ദിസനായക.

ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പാകിസ്ഥാൻ നാടകീയമായി പിന്മാറിയതിന് തൊട്ടുപിന്നാലെയാണ് ഈ സന്ദേശം വന്നത്. ഇതോടെ ടൂർണമെന്റിലെ ഏറ്റവും വലിയ മത്സരത്തിന് വേദിയൊരുങ്ങുമെന്ന് ഉറപ്പായി.

ഇന്ത്യക്കെതിരായ മത്സരത്തിൽ നിന്ന് പിന്മാറുമെന്ന് പാകിസ്ഥാൻ സൂചന നൽകിയതോടെ മത്സരം അനിശ്ചിതത്വത്തിലായിരുന്നു. എന്നാൽ തിങ്കളാഴ്ച പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB), ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (BCB), ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ICC) എന്നിവർ പങ്കെടുത്ത ദീർഘനേരത്തെ ചർച്ചകൾക്ക് ശേഷം പാകിസ്ഥാൻ നിലപാട് മാറ്റുകയായിരുന്നു. തീരുമാനത്തിന് പിന്നാലെ എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെയാണ് ദിസനായക തന്റെ ആശ്വാസവും കൃതജ്ഞതയും രേഖപ്പെടുത്തിയത്.