2026-ലെ ടി20 ലോകകപ്പിൽ ഫെബ്രുവരി 15-ന് നിശ്ചയിച്ചിട്ടുള്ള ഇന്ത്യാ-പാകിസ്ഥാൻ പോരാട്ടം നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. ഐസിസി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ, ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പാകിസ്ഥാൻ സർക്കാർ നാടകീയമായി പിന്മാറി. ഫെബ്രുവരി 15-ന് ഇന്ത്യക്കെതിരെ കളത്തിലിറങ്ങാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് സർക്കാർ നിർദ്ദേശം നൽകി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും (PCB), ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും (BCB), ഐസിസിയും തമ്മിൽ നടന്ന തീവ്രമായ ചർച്ചകൾക്കൊടുവിലാണ് ലോകകപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ലാഭമുണ്ടാക്കുന്ന ഈ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള നീക്കം പാകിസ്ഥാൻ ഉപേക്ഷിച്ചത്. ഞായറാഴ്ച ബിസിബി ചെയർമാൻ അമിനുൽ ഇസ്ലാമും ഐസിസി ഡയറക്ടർ ഇമ്രാൻ ഖവാജയും ലാഹോറിലെത്തി പിസിബി അധികൃതരുമായി ചർച്ച നടത്തിയിരുന്നു.

പാകിസ്ഥാൻ സർക്കാരിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് ഈ പ്രഖ്യാപനം സ്ഥിരീകരിച്ചത്. “ബഹുരാഷ്ട്ര ചർച്ചകളിലെ ഫലങ്ങളും സുഹൃദ് രാജ്യങ്ങളുടെ അഭ്യർത്ഥനയും പരിഗണിച്ച്, 2026 ഫെബ്രുവരി 15-ന് ഐസിസി ടി20 ലോകകപ്പിൽ നിശ്ചയിച്ചിട്ടുള്ള മത്സരത്തിൽ പങ്കെടുക്കാൻ പാകിസ്ഥാൻ നാഷണൽ ക്രിക്കറ്റ് ടീമിനോട് സർക്കാർ നിർദ്ദേശിക്കുന്നു,” എന്ന് ഔദ്യോഗിക കുറിപ്പിൽ പറയുന്നു.