ഡൽഹിയിലെ ജില്ലാ കോടതിക്കുള്ളിൽ അഭിഭാഷകന് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിൽ രൂക്ഷവിമർശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. രാജ്യത്ത് ‘ഗുണ്ടാരാജ്’ അനുവദിക്കില്ലെന്നും ഇത്തരം സംഭവങ്ങളിൽ ഉടനടി നടപടിയുണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരി 7-ന് തിസ് ഹസാരി കോടതി സമുച്ചയത്തിൽ വെച്ച് താൻ ആക്രമിക്കപ്പെട്ടുവെന്ന് കാണിച്ച് ഒരു അഭിഭാഷകൻ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിൻ്റെ പരാമർശം. ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, എൻ വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
അഡീഷണൽ ജില്ലാ ജഡ്ജി ഹർജിത് സിംഗ് പാലിന്റെ കോടതിയിൽ ഹാജരാകവെയാണ് തനിക്ക് നേരെ ആക്രമണമുണ്ടായതെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.



