ന്യൂഡൽഹി: ഗൾഫ് മേഖലയിൽ അമേരിക്കൻ സൈനിക വിന്യാസം ശക്തമാകുന്നതിനിടെ ശക്തമായ മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. ഭീഷണിയുടെ ഭാഷ ഇറാനോടു ചെലവാകില്ലെന്നും ബഹുമാനത്തിനു മാത്രമേ ബഹുമാനം നൽകൂ എന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. ആണവകരാർ സംബന്ധിച്ച ചർച്ചകൾ അടുത്ത ആഴ്ച പുനരാരംഭിക്കാനിരിക്കെയാണ് മേഖലയിൽ സംഘർഷാവസ്ഥ ശക്തമാകുന്നത്.
യുറേനിയം സമ്പുഷ്ടീകരണത്തിൽനിന്നു പിന്നോട്ടില്ലെന്നു പെസെഷ്കിയാൻ എക്സിൽ കുറിച്ചു. “അന്താരാഷ്ട്ര ആണവ കരാറുകൾ പ്രകാരം യുറേനിയം സമ്പുഷ്ടീകരിക്കാൻ ഇറാന് അവകാശമുണ്ട്. ഭീഷണിപ്പെടുത്തി ഇറാനെ കീഴ്പ്പെടുത്താമെന്ന് ആരും കരുതേണ്ട…’
ഒമാനിൽ നടന്ന ചർച്ചകൾ പുരോഗതിയുണ്ടാക്കിയെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിനാണ് തന്റെ സർക്കാർ ആഗ്രഹിക്കുന്നതെന്നും പെസെഷ്കിയാൻ കൂട്ടിച്ചേർത്തു. എന്നാൽ, ഒരേസമയം ചർച്ചയും ഉപരോധവും സൈനിക ഭീഷണിയും ഉയർത്തുന്ന അമേരിക്കൻ നിലപാടിനെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വിമർശിച്ചു.
അമേരിക്കൻ പടയൊരുക്കം
ഇറാന്റെ ആണവ നിലപാടുകളിലും ജനുവരിയിൽ നടന്ന പ്രതിഷേധങ്ങൾക്കെതിരെയുള്ള കർശന നടപടികളിലും പ്രതിഷേധിച്ചാണ് അമേരിക്കൻ ഭരണകൂടം പടയൊരുക്കം നടത്തുന്നത്. വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ഏബ്രഹാം ലിങ്കൺ നിലവിൽ അറബിക്കടലിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ യുഎസ്എസ് ഡെൽബർട്ട് ഡി ബ്ലാക്ക് സൂയസ് കനാൽ കടന്ന് ചെങ്കടലിലേക്കു പ്രവേശിച്ചു. യുദ്ധം തുടങ്ങിയാൽ ഇറാൻ നടത്താൻ ഇടയുള്ള മിസൈൽ ആക്രമണങ്ങളെ തകർക്കാനാണ് മിസൈൽ ഡിസ്ടോയർ ഷിപ് എത്തിച്ചതെന്നു കരുതുന്നു.
ജോർദാനിലെ സൈനികത്താവളത്തിൽ പന്ത്രണ്ടോളം എഫ്-15 യുദ്ധവിമാനങ്ങളും എംക്യു-9 റീപ്പർ ഡ്രോണുകളും അമേരിക്ക വിന്യസിച്ചിട്ടുണ്ട്. ഗൾഫ് മേഖലയിൽ അത്യാധുനിക നിരീക്ഷണ ഡ്രോണുകളും പട്രോളിംഗ് വിമാനങ്ങളും അമേരിക്ക സജ്ജമാക്കിയിട്ടുണ്ട്.
ഇറാനിലെ ആഭ്യന്തരസംഘർഷം
ഇറാനിലെ ആഭ്യന്തരവിഷയങ്ങളും അന്താരാഷ്ട്രതലത്തിൽ ചർച്ചയാകുന്നുണ്ട്. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുടെ പേരിൽ പ്രമുഖ പരിഷ്കരണവാദികളെ അറസ്റ്റ് ചെയ്തതും നൊബേൽ ജേതാവ് നർഗെസ് മുഹമ്മദിക്കു വീണ്ടും തടവ് ശിക്ഷ വിധിച്ചതും അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതും മേഖലയിലെ സംഘർഷത്തിനു ആക്കം കൂട്ടുന്നു.
ഇസ്രയേൽ-ഇറാൻ യുദ്ധത്തിനു ശേഷം ഒമാനിൽവച്ചാണ് ഇരു രാജ്യങ്ങളും വീണ്ടും ചർച്ചകൾക്കു തുടക്കമിടുന്നത്. ഉപരോധങ്ങൾ നീക്കുക എന്നതാണ് ഇറാന്റെ പ്രധാന ലക്ഷ്യം. എന്നാൽ, ആണവ പദ്ധതിയോടൊപ്പം ഇറാന്റെ മിസൈൽ ശേഷിയും പ്രാദേശിക ഭീകരസംഘടനകൾക്കുള്ള പിന്തുണയും ചർച്ച ചെയ്യണമെന്ന് അമേരിക്കയും ഇസ്രയേലും ആവശ്യപ്പെടുന്നു. ചൈന, റഷ്യ എന്നീ രാജ്യങ്ങളുമായി കൂടിയാലോചനകൾ നടത്തിവരികയാണെന്ന് ഇറാൻ വ്യക്തമാക്കി.



