ന്യൂ​യോ​ർ​ക്ക്: അ​ന്ത​രി​ച്ച ലൈം​ഗി​ക കു​റ്റ​വാ​ളി ജെ​ഫ്രി എ​പ്സ്റ്റീ​ന്‍റെ ദു​രൂ​ഹ ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വരുന്നതോടെ ആ​ഗോ​ള​ത​ല​ത്തി​ൽ പ​ല വ​ന്പ​ന്മാ​രും പ്ര​തി​ക്കൂ​ട്ടി​ലാകുന്നു! അ​മേ​രി​ക്ക​ൻ സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ട ല​ക്ഷ​ക്ക​ണ​ക്കി​നു പേ​ജു​ക​ൾ വ​രു​ന്ന പു​തി​യ എ​പ്സ്റ്റീ​ൻ ഫ​യ​ലു​ക​ളി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​മ്പ​ന്ന​രാ​യ വ്യ​ക്തി​ക​ളും നിരവധി രാഷ്‌ട്രീ​യ​നേ​താ​ക്ക​ളും ഉ​ൾ​പ്പെ​ട്ട​താ​യാ​ണ് സൂ​ച​ന. 30 ല​ക്ഷം പേ​ജു​ക​ൾ, 1.8 ല​ക്ഷം ചി​ത്ര​ങ്ങ​ൾ, 2,000 വീ​ഡി​യോ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പു​റ​ത്തു​വ​ന്ന പു​തി​യ രേ​ഖ​ക​ൾ. എ​പ്സ്റ്റീ​ൻ ഫ​യ​ൽ​സ് ട്രാ​ൻ​സ്പ​ര​ൻ​സി ആ​ക്ട് പ്ര​കാ​രം അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഒ​പ്പി​ട്ട നി​യ​മ​ത്തെ​ത്തു​ട​ർ​ന്നാ​ണ് രേ​ഖ​ക​ൾ പ​ര​സ്യ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ, പ​ല നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ളും ഇ​പ്പോ​ഴും മ​റ​ച്ചു​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ഡെ​മോ​ക്രാ​റ്റു​ക​ൾ ശ​ക്ത​മാ​യി ആ​രോ​പി​ക്കു​ന്നു.

ഫ​യ​ലു​ക​ളി​ലെ പ്ര​മു​ഖ​ർ

പു​റ​ത്തു​വ​ന്ന രേ​ഖ​ക​ളി​ൽ പേ​രു​ള്ള പ​ല​രും ത​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധ​ച്ചി​ട്ടു​ണ്ട്. ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടു എ​ന്ന​ത് കു​റ്റ​കൃ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ണെ​ന്ന​തി​ന് തെ​ളി​വ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഇ​ലോ​ൺ മ​സ്ക് – എ​പ്സ്റ്റീ​നു​മാ​യി മ​സ്ക് ന​ട​ത്തി​യ ഇ ​മെ​യി​ൽ സം​ഭാ​ഷ​ണ​ങ്ങൾ കഴിഞ്ഞ ദിവസം പു​റ​ത്തു​വ​ന്നിരുന്നു. ദ്വീ​പി​ലെ പാ​ർ​ട്ടി​ക​ളെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ ഇ​മെ​യി​ലി​ലു​ണ്ട്. എ​ന്നാ​ൽ, താ​ൻ എ​പ്സ്റ്റീ​ന്‍റെ ദ്വീ​പ് സ​ന്ദ​ർ​ശി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് മ​സ്കി​ന്‍റെ പ്ര​തി​ക​ര​ണം.

പ്രതിക്കൂട്ടിലായ വമ്പൻമാർ

ബി​ൽ ഗേ​റ്റ്സ് – ഗേ​റ്റ്സി​നെ​ക്കു​റി​ച്ചു​ള്ള ഞെ​ട്ടി​ക്കു​ന്ന പ​രാ​മ​ർ​ശ​ങ്ങ​ൾ എ​പ്സ്റ്റീ​ൻ എ​ഴു​തി​യ​തെ​ന്നു ക​രു​ത​പ്പെ​ടു​ന്ന ഇ​മെ​യി​ലു​ക​ളി​ലു​ണ്ട്. റ​ഷ്യ​ൻ യു​വ​തി​ക​ളു​മാ​യു​ള്ള ബ​ന്ധ​ത്തെ​ത്തു​ട​ർ​ന്ന്, ലൈംഗികരോഗം ബാധിച്ചെന്നും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ മ​റ​ച്ചു​വ​യ്ക്കാ​ൻ എ​പ്സ്റ്റീ​ൻ സ​ഹാ​യി​ച്ച​താ​യി ഇ​മെ​യി​ലു​ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്നു. എ​ന്നാ​ൽ, ഇ​ത് എ​പ്സ്റ്റീ​ന്‍റെ വ്യാ​ജ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നു ഗേ​റ്റ്സി​ന്‍റെ വ​ക്താ​വ് അ​റി​യി​ച്ചു.

ഡോ​ണ​ൾ​ഡ് ട്രം​പ് – ട്രം​പി​നെ​തി​രേ എ​ഫ്ബി​ഐ​ക്കു ല​ഭി​ച്ച നിര​വ​ധി പ​രാ​തി​ക​ൾ ഫ​യ​ലി​ലു​ണ്ട്. എ​ന്നാ​ൽ, ഇ​വ​യി​ൽ ഭൂ​രി​ഭാ​ഗ​വും തെ​ളി​വു​ക​ളി​ല്ലാ​ത്ത വെ​റും ആ​രോ​പ​ണ​ങ്ങ​ളാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. താ​ൻ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പേ എ​പ്സ്റ്റീ​നു​മാ​യു​ള്ള ബ​ന്ധം ഉ​പേ​ക്ഷി​ച്ച​താ​ണെ​ന്നു ട്രം​പ് ആ​വ​ർ​ത്തി​ച്ചു വ്യ​ക്ത​മാ​ക്കു​ന്നു. അ​തേ​സ​മ​യം, ട്രം​പി​ന്‍റെ എ​തി​ർ​ക​ക്ഷി​ക​ൾ ട്രം​പി​ന്‍റെ അ​വ​കാ​ശ​വാ​ദ​ത്തെ ത​ള്ളി​ക്ക​ള​ഞ്ഞു.

ആ​ൻ​ഡ്രു രാ​ജ​കു​മാ​ര​ൻ (ബ്രി​ട്ട​ൻ) – ആ​ൻ​ഡ്രു രാ​ജ​കു​മാ​ര​ൻ വി​വി​ധ യു​വ​തി​ക​ളോ​ടൊ​പ്പം നിൽക്കുന്ന ചി​ത്ര​ങ്ങ​ൾ ഫ​യ​ലി​ലു​ണ്ട്. ഇ​ത് വ​ലി​യ വി​വാ​ദ​ത്തി​നു തി​രി​കൊ​ളു​ത്തി​യി​ട്ടു​ണ്ട്.

റി​ച്ചാ​ർ​ഡ് ബ്രാ​ൻ​സ​ൺ- വി​ർ​ജി​ൻ ഗ്രൂ​പ്പ് ത​ല​വ​ൻ ബ്രാ​ൻ​സ​ണും എ​പ്സ്റ്റീ​നും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. അ​തേ​സ​മ​യം, എ​പ്സ്റ്റീ​ന്‍റെ സ്വ​ഭാ​വ​ത്തെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​പ്പോ​ൾ ത​ന്നെ ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​താ​യി ബ്രാ​ൻ​സ​ൺ വി​ശ​ദീ​ക​രി​ക്കുന്നു.

സ്റ്റീ​വ് ബാ​ന​ൻ – ട്രം​പിന്‍റെ മു​ൻ ചീ​ഫ് സ്ട്രാ​റ്റ​ജി​സ്റ്റ് ആ​യി​രു​ന്ന സ്റ്റീ​വ് ബാ​ന​ൻ, എ​പ്സ്റ്റീ​ന്‍റെ പ്ര​തിച്ഛാ​യ മെ​ച്ച​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ച്ച​താ​യി രേ​ഖ​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. എ​പ്സ്റ്റീ​ന്‍റെ കു​റ്റ​കൃ​ത്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ പ്ര​തി​രോ​ധി​ക്കാ​നും അ​ദ്ദേ​ഹ​ത്തെ ഒ​രു ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യി ചി​ത്രീ​ക​രി​ക്കാ​നും ബാ​ന​ൻ ത​ന്ത്ര​ങ്ങ​ൾ മെ​ന​ഞ്ഞ​താ​യി ഇ​മെ​യി​ലു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.