ചന്ദ്രനിൽ സ്വയം വളരുന്ന ഒരു നഗരം നിർമ്മിക്കുന്നതിനാണ് സ്പേസ് എക്സ് ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് ടെക് കോടീശ്വരൻ ഇലോൺ മസ്ക് പ്രഖ്യാപിച്ചു. ചൊവ്വയിൽ മനുഷ്യവാസം തുടങ്ങുന്നതിനേക്കാൾ വേഗത്തിലും പ്രായോഗികമായും ചന്ദ്രനിലെ പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലെ ഒരു കുറിപ്പിലാണ് മസ്ക് ഈ നിർണായകമായ വിവരം പങ്കുവെച്ചത്. പത്തു വർഷത്തിനുള്ളിൽ ചന്ദ്രനിൽ നഗരം സ്ഥാപിക്കാൻ കഴിയുമെന്നും എന്നാൽ ചൊവ്വയിൽ ഇതിന് 20 വർഷത്തിലധികം എടുത്തേക്കാമെന്നും അദ്ദേഹം പറഞ്ഞു. നാഗരികതയുടെ ഭാവി സുരക്ഷിതമാക്കാൻ ഏറ്റവും പ്രായോഗികമായ പാത ചന്ദ്രനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“അറിയാത്തവർക്കായി, സ്പേസ് എക്സ് ഇതിനകം തന്നെ ചന്ദ്രനിൽ സ്വയം വളരുന്ന ഒരു നഗരം നിർമ്മിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു, 10 വർഷത്തിനുള്ളിൽ നമുക്ക് അത് നേടാൻ കഴിയും, അതേസമയം ചൊവ്വയിൽ ഇതിന് ഇരുപതിൽ കൂടുതൽ വർഷങ്ങൾ എടുക്കും.” മസ്ക് എക്സിൽ കുറിച്ചു.