ബോളിവുഡില്‍ നിന്ന് ഹോളിവുഡിലേക്കുള്ള യാത്രയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരെ നേടിയെടുത്ത നടിയാണ് പ്രിയങ്ക ചോപ്ര. സിനിമയില്‍ കുടുംബവേരുകളൊന്നുമില്ലാതെ രംഗത്തെത്തി സ്വന്തമായൊരു ഇടം കണ്ടെത്തിയ പ്രിയങ്കയുടെ ജീവിതയാത്ര പലര്‍ക്കും പ്രചോദനമായി മാറിയിട്ടുണ്ട്.

ഇപ്പോഴിതാ, പ്രിയങ്ക ചോപ്രയ്ക്ക് കേരളവുമായി അടുത്ത ബന്ധമുണ്ടെന്ന കാര്യം നടി തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ആരാധകര്‍ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം വാരാണസിയുടെ ഹോളിവുഡ് പ്രൊമോഷന്‍ പരിപാടിക്കിടെയാണ് പ്രിയങ്ക ഈ ബന്ധത്തെക്കുറിച്ച് സംസാരിച്ചത്.

ഹോളിവുഡ് മാധ്യമമായ സ്‌ക്രീന്‍ റാന്റ് പ്ലസ്യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക ചോപ്രയ്‌ക്കൊപ്പം മഹേഷ് ബാബുവും പൃഥ്വിരാജും പങ്കെടുത്തു. അഭിമുഖത്തിനിടെ, സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ക്കായുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് സംസാരിച്ച മഹേഷ് ബാബു, ആറുമാസത്തോളം പരിശീലനം നടത്തിയതായും, അതില്‍ രണ്ടുമുതല്‍ മൂന്നുമാസം വരെ കളരിപയറ്റില്‍ പരിശീലനം നടത്തിയതായും പറഞ്ഞു. കളരി അതീവ തീവ്രമായ ആയോധനകലയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ സംഭാഷണത്തിനിടെയാണ് പ്രിയങ്ക ചോപ്ര ഇടപെട്ടത്. “അതെ, അത് നിങ്ങളുടെ നാടാണ്. എനിക്കും കളരി അറിയാം. അത് എന്റെ നാടിന്റെയും കലയാണ്. എന്റെ അമ്മൂമ്മ കോട്ടയത്തുകാരിയാണ്,” എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. പ്രിയങ്കയുടെ വാക്കുകള്‍ കേട്ട് പൃഥ്വിരാജും മഹേഷ് ബാബുവും അമ്പരന്നതും വിഡിയോയില്‍ വ്യക്തമായി കാണാം.

പ്രിയങ്ക ചോപ്രയുടെ അമ്മ മധു ചോപ്രയുടെ അമ്മയായ മധു അഖൗരി ജ്യോത്സന, കോട്ടയം ജില്ലയിലെ കുമരകത്തെ കവളപ്പാറ കുടുംബത്തില്‍ ജനിച്ചയാളാണ്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെയാണ് അവര്‍ ബിഹാറിലെത്തി ഡോക്ടര്‍ അഖൗരിയെ പരിചയപ്പെടുകയും പിന്നീട് വിവാഹിതരാകുകയും ചെയ്തത്. 2016ല്‍ മധു അഖൗരി ജ്യോത്സന അന്തരിച്ചപ്പോള്‍ പ്രിയങ്ക ചോപ്ര കേരളത്തിലെത്തി. കോട്ടയത്തെ ഒരു പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.