ബലൂചിസ്ഥാനിൽ “ഓപ്പറേഷൻ ഹരോഫ് II” എന്ന പേരിൽ വലിയ തോതിലുള്ള ആക്രമണങ്ങൾ നടത്തിയതായി ബലൂച് ലിബറേഷൻ ആർമി (BLA). പാകിസ്ഥാൻ ആർമി, ഫ്രോണ്ടിയർ കോർപ്സ്, പോലീസ്, ഇന്റലിജൻസ് ഏജൻസികൾ എന്നിവയിൽ നിന്നുള്ള 362 ൽ അധികം ഉദ്യോഗസ്ഥർ ഏറ്റുമുട്ടലുകളിലും, പതിയിരുന്നുള്ള ആക്രമണങ്ങളിലും, മറ്റ് ഓപ്പറേഷനുകളിലും കൊല്ലപ്പെട്ടതായും സംഘടന വ്യക്തമാക്കി.

ജനുവരി 31 ന് പുലർച്ചെ 5 മണിക്ക് ആരംഭിച്ച് ഫെബ്രുവരി 6 ന് വൈകുന്നേരം 4 മണിക്ക് അവസാനിച്ച ആറ് ദിവസത്തെ ഓപ്പറേഷനിൽ 14 നഗരങ്ങളിലായി 76 ലധികം ആക്രമണങ്ങൾ അവരുടെ പോരാളികൾ നടത്തിയതായി സംഘടന പറയുന്നു. ഈ ആക്രമണങ്ങളിൽ പലതും ഒരേസമയം ഏകോപിപ്പിച്ച രീതിയിലാണ് നടത്തിയതെന്ന് BLA യുടെ പ്രസ്താവനയിൽ പറയുന്നു.

മജീദ് ബ്രിഗേഡ്, ഫത്തേ സ്ക്വാഡ്, സ്പെഷ്യൽ ടാക്റ്റിക്കൽ ഓപ്പറേഷൻസ് സ്ക്വാഡ്, ഇന്റലിജൻസ് വിങ് സിറാബ്, മീഡിയ വിങ് ഹക്കൽ എന്നീ പ്രധാന യൂണിറ്റുകൾ ഓപ്പറേഷനിൽ പങ്കെടുത്തതായി ബിഎൽഎ അറിയിച്ചു. മജീദ് ബ്രിഗേഡിലെ 50 ഫിദായീൻ ഉൾപ്പെടെ 93 പോരാളികൾ ഓപ്പറേഷനിൽ കൊല്ലപ്പെട്ടതായും സംഘടന അവകാശപ്പെടുന്നു.