മനുഷ്യക്കടത്തിനെതിരായ പോരാട്ടത്തിൽ വിശ്വാസവും സർഗാത്മകതയും ഡിജിറ്റൽ വ്യക്തതയും നിർണായകമാണെന്ന് ബോട്സ്വാനയിൽ നിന്നുള്ള തലീതാ കും യൂത്ത് അംബാസഡർ ലോൺ ബോട്ട്ഷെലോ പറഞ്ഞു. ഫെബ്രുവരി 8 ന് ആചരിക്കുന്ന മനുഷ്യക്കടത്തിനെതിരായ അന്താരാഷ്ട്ര പ്രാർഥനയും അവബോധ ദിനവും ആചരിക്കുന്നതിനായി, തലീതാ കും ആന്റി-ട്രാഫിക്കിംഗ് നെറ്റ്വർക്ക് സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാൻ റോമിലെത്തിയതായിരുന്നു അദ്ദേഹം.
മനുഷ്യക്കടത്ത് സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ ദുർബല വിഭാഗങ്ങളെ ആഴത്തിൽ ബാധിക്കുന്ന യാഥാർഥ്യമാണെന്നും അത് വിദൂരങ്ങളിലുള്ള പ്രശ്നമല്ല, നമുക്കിടയിൽ തന്നെ നടക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ മാധ്യമങ്ങളെ മനുഷ്യക്കടത്തിനെതിരായ ശക്തമായ ആയുധമായി ഉപയോഗിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
“ആളുകൾ നിശബ്ദരായിരിക്കുന്നിടത്താണ് മനുഷ്യക്കടത്ത് വളരുന്നത്. സംസാരിക്കുക, പഠിപ്പിക്കുക, സംരക്ഷിക്കുക – അതാണ് നമ്മുടെ കടമ. ഡിജിറ്റൽ ലോകത്തും യഥാർഥ ജീവിതത്തിലും, ഓരോ വ്യക്തിക്കും സ്വാതന്ത്ര്യം അർഹമാണെന്ന് നമ്മൾ ഉറപ്പാക്കണം”- അദ്ദേഹം പറഞ്ഞു.



