ലോകത്തെ മുൻനിര എഐ ചാറ്റ്ബോട്ടായ ചാറ്റ് ജിപിടിയിൽ നിന്നും മറ്റ് പ്ലാറ്റ്ഫോമുകളിൽ നിന്നും ചാറ്റുകൾ നേരിട്ട് ജെമിനിയിലേക്ക് മാറ്റാനുള്ള പുതിയ സംവിധാനവുമായി ഗൂഗിൾ എത്തുന്നു. ഉപയോക്താക്കൾക്ക് തങ്ങളുടെ പഴയ സംഭാഷണങ്ങളും വിവരങ്ങളും നഷ്ടപ്പെടാതെ തന്നെ പ്ലാറ്റ്ഫോം മാറാൻ സഹായിക്കുന്ന ഇംപോർട്ട് എഐ ചാറ്റ്സ് എന്ന ഫീച്ചറാണ് ഗൂഗിൾ പരീക്ഷിക്കുന്നത്. നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചർ വൈകാതെ തന്നെ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സാധാരണയായി ഒരു എഐ പ്ലാറ്റ്ഫോമിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ പഴയ ഡാറ്റകൾ കൈമാറാൻ നിലവിൽ എളുപ്പവഴികളില്ല. ഈ പരിമിതി മറികടക്കാനാണ് ഗൂഗിൾ ഇപ്പോൾ പുതിയ നീക്കം നടത്തുന്നത്. ചാറ്റ് ജിപിടി, ക്ലോഡ് തുടങ്ങിയ മറ്റ് സേവനങ്ങളിൽ നിന്ന് ഡാറ്റ ഡൗൺലോഡ് ചെയ്ത് ജെമിനിയിലേക്ക് അപ്ലോഡ് ചെയ്യാൻ ഈ ഫീച്ചർ സഹായിക്കും.
ജെമിനിയിലെ അറ്റാച്ച്മെന്റ് മെനുവിലായിരിക്കും പുതിയ ഇംപോർട്ട് ഓപ്ഷൻ കാണാൻ സാധിക്കുക. പ്ലസ് ഐക്കണിൽ ക്ലിക്ക് ചെയ്യുമ്പോൾ ഫയലുകൾ അറ്റാച്ച് ചെയ്യുന്നതിനൊപ്പം ചാറ്റുകൾ ഇംപോർട്ട് ചെയ്യാനുള്ള പ്രത്യേക ബട്ടണും ലഭ്യമാകും. ഇതിലൂടെ പഴയ പ്രോജക്റ്റുകളുടെ വിവരങ്ങളും സംഭാഷണങ്ങളും ജെമിനിയിൽ തുടർന്നും ഉപയോഗിക്കാൻ സാധിക്കും.
മറ്റ് പ്ലാറ്റ്ഫോമുകളിൽ നിന്ന് എക്സ്പോർട്ട് ചെയ്യുന്ന ഫയലുകൾ ജെമിനിയിലേക്ക് അപ്ലോഡ് ചെയ്യുന്നതോടെ എഐക്ക് പഴയ കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. ഇത് ഉപയോക്താക്കൾക്ക് ഒരേ കാര്യം വീണ്ടും വിശദീകരിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ മത്സരം കടുക്കുന്ന സാഹചര്യത്തിൽ കൂടുതൽ ആളുകളെ ജെമിനിയിലേക്ക് ആകർഷിക്കാനാണ് ഗൂഗിളിന്റെ ശ്രമം.
കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവും ജെമിനിയിൽ ഗൂഗിൾ ഉൾപ്പെടുത്തിയേക്കും. 2കെ, 4കെ റെസല്യൂഷനിലുള്ള ചിത്രങ്ങൾ ഇനി എഐ വഴി നിർമ്മിക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാർക്കും പ്രിന്റിംഗ് ആവശ്യങ്ങൾക്കും ഇത് ഏറെ ഉപകാരപ്രദമാകും.
വീഡിയോകളുടെ ആധികാരികത പരിശോധിക്കാനുള്ള വീഡിയോ വെരിഫിക്കേഷൻ എന്ന ഫീച്ചറും ഗൂഗിൾ വികസിപ്പിക്കുന്നുണ്ട്. എഐ നിർമ്മിത വീഡിയോകൾ തിരിച്ചറിയാനും വ്യാജ വിവരങ്ങൾ തടയാനും ഇത് സഹായിക്കും. സാങ്കേതിക വിദ്യയിൽ വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ജെമിനിയെ കൂടുതൽ കരുത്തുറ്റതാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.



