ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ പയ്യന്നൂർ വെള്ളൂരിലെ വി. കുഞ്ഞികൃഷ്ണന്റെ വീട് സന്ദർശിച്ചു. സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ പയ്യന്നൂർ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനുമായി അദ്ദേഹം ഒരു മണിക്കൂറോളം സമയം ചിലവഴിച്ചു. ശനിയാഴ്ച രാവിലെ 10.30 ഓടെയാണ് ഷിബു ബേബി ജോൺ കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തിയത്.
സി.പി.എം നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ച് വി. കുഞ്ഞികൃഷ്ണൻ രചിച്ച ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പുസ്തകവുമായാണ് ഷിബു ബേബി ജോൺ മടങ്ങിയത്. സി.പി.എം വിട്ട ഇടതു നിരീക്ഷകൻ ബി.എം ഹസ്കറും ഷിബുവിനൊപ്പമുണ്ടായിരുന്നു.
സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയ ചർച്ചകളൊന്നുമില്ലെന്ന് ഇരുവരും പ്രതികരിച്ചു. മുൻപ് ആർ.എസ്.പി എൽ.ഡി.എഫിന്റെ ഭാഗമായിരുന്നപ്പോഴുള്ള വ്യക്തിപരമായ സൗഹൃദമാണ് കൂടിക്കാഴ്ചയ്ക്ക് പിന്നിലെന്നും രാഷ്ട്രീയപരമായ മാറ്റങ്ങളൊന്നും ഇതിലില്ലെന്നും അവർ വ്യക്തമാക്കി. എന്നിരുന്നാലും, പയ്യന്നൂരിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ യു.ഡി.എഫിന്റെ ഭാഗമായ ആർ.എസ്.പി നേതാവ് വി. കുഞ്ഞികൃഷ്ണനെ കണ്ടത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.



