ബംഗ്ലാദേശിൽ ഫെബ്രുവരി 12-ന് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇസ്ലാമിസ്റ്റ് സംഘടനകൾക്കിടയിൽ വൻ പ്രത്യയശാസ്ത്ര പോര്. രാജ്യത്തെ പ്രമുഖ ഇസ്ലാമിസ്റ്റ് രാഷ്ട്രീയ പാർട്ടിയായ ജമാഅത്തെ ഇസ്ലാമിക്കെതിരെ ഹെഫാസത്തെ ഇസ്ലാം ബംഗ്ലാദേശ് ‘ജിഹാദ്’ പ്രഖ്യാപിച്ചു.
ജമാഅത്തെ ഇസ്ലാമിക്ക് വോട്ട് ചെയ്യുന്നത് മുസ്ലിങ്ങൾക്ക് ‘ഹറാം’ (മതപരമായി നിഷിദ്ധം) ആണെന്ന് ഹെഫാസത്തെ ഇസ്ലാം അമീർ അല്ലാമ ഷാ മുഹിബ്ബുല്ല ബാബുനാഗരി പ്രഖ്യാപിച്ചു. വ്യാഴാഴ്ച ചട്ടോഗ്രാമിൽ ബിഎൻപി (BNP) സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു വെറും തിരഞ്ഞെടുപ്പല്ല. ജമാഅത്തിനെതിരെയുള്ള ജിഹാദാണ്,” എന്ന് ബാബുനാഗരി പറഞ്ഞതായി ബംഗ്ലാദേശ് പത്രമായ ‘ദേശ് രൂപന്തര’ റിപ്പോർട്ട് ചെയ്തു.
ഷഫീഖുർ റഹ്മാൻ്റെ നേതൃത്വത്തിലുള്ള ജമാഅത്തെ ഇസ്ലാമിയുമായി ഹെഫാസത്തിന് അടിസ്ഥാനപരമായ പ്രത്യയശാസ്ത്രപരവും ദാർശനികവുമായ ഭിന്നതകളുണ്ടെന്നും ജമാഅത്ത് ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഈ തെറ്റായ ശക്തിയുടെ ഉദയം തടയാൻ എല്ലാവരും ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ജമാഅത്ത് മൗദൂദിയൻ ഇസ്ലാമാണ് പിന്തുടരുന്നതെന്നും അത് വിശ്വാസത്തെ അപകടത്തിലാക്കുമെന്നും ബാബുനാഗരി നേരത്തെയും ആരോപിച്ചിരുന്നു.



