രാജ്യത്തെ പ്രമുഖ ഓൺലൈൻ ടാക്സി സർവീസുകളായ ഓല, യൂബർ, റാപ്പിഡോ എന്നിവയിലെ ഡ്രൈവർമാർ ശനിയാഴ്ച (ഫെബ്രുവരി 7) രാജ്യവ്യാപകമായി ആറ് മണിക്കൂർ പണിമുടക്കുന്നു. ‘ഓൾ ഇന്ത്യ ബ്രേക്ക്‌ഡൗൺ’ (All India Breakdown) എന്ന് പേരിട്ടിരിക്കുന്ന ഈ പ്രതിഷേധത്തിൽ ആപ്പ് അധിഷ്ഠിത ടാക്സി, ഓട്ടോ, ബൈക്ക് ടാക്സി ഡ്രൈവർമാർ പങ്കെടുക്കും.
കുറഞ്ഞ അടിസ്ഥാന നിരക്ക് നിശ്ചയിക്കുക, സ്വകാര്യ വാഹനങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.
തെലങ്കാന ജിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്‌സ് യൂണിയന്റെ (TGPWU) നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുന്നത്. ശനിയാഴ്ച രാവിലെ മുതൽ ഉച്ചവരെ ഡ്രൈവർമാർ ആപ്പുകളിൽ നിന്ന് ലോഗ് ഔട്ട് ചെയ്ത് പ്രതിഷേധിക്കും. ഇത് ഡൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലെ യാത്രക്കാരെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്.



