അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും സഹായികളും ഇന്ത്യയുമായുള്ള വ്യാപാര കരാർ വലിയ വിജയമായി ആഘോഷിക്കുമ്പോഴും, ചർച്ചകളിൽ ഇന്ത്യ സ്വീകരിച്ച കടുത്ത നിലപാടിനെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പുറത്ത്.

ട്രംപ് ഭരണകൂടത്തിൻ്റെ ഭീഷണികൾക്ക് വഴങ്ങില്ലെന്നും അനുകൂലമായ സാഹചര്യമില്ലെങ്കിൽ ട്രംപിന്റെ കാലാവധി കഴിയുന്നത് വരെ വ്യാപാര കരാറിനായി കാത്തിരിക്കാൻ ഇന്ത്യ തയ്യാറാണെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അമേരിക്കയെ അറിയിച്ചതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

2025 സെപ്റ്റംബർ ആദ്യവാരത്തിൽ വാഷിംഗ്ടൺ ഡിസിയിൽ വെച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചയിലാണ് അജിത് ഡോവൽ ഇന്ത്യയുടെ ഈ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ അമേരിക്ക 50 ശതമാനം തീരുവ ചുമത്തുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്രംപ് ഭരണകൂടം പരസ്യ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു ഈ കൂടിക്കാഴ്ച.