ഒക്ടോബർ 10-ന് നിലവിൽ വന്ന വെടിനിർത്തൽ കരാറിനെ വെല്ലുവിളിച്ചുകൊണ്ട് ബുധനാഴ്ച ഗാസയിൽ ഇസ്രായേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ രണ്ട് നവജാത ശിശുക്കളടക്കം 24 പലസ്തീനികൾ കൊല്ലപ്പെട്ടു.
ഹമാസ് നടത്തിയ ആക്രമണത്തിൽ ഇസ്രായേൽ സൈനികന് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്നാണ് തിരിച്ചടി നൽകിയതെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. എന്നാൽ വെടിനിർത്തൽ നിലവിലുണ്ടായിട്ടും ഗാസയിൽ സാധാരണക്കാർ കൊല്ലപ്പെടുന്നത് തുടരുകയാണെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ബുധനാഴ്ച നടന്ന ആക്രമണങ്ങളിൽ അഞ്ച് കുട്ടികളും ഏഴ് സ്ത്രീകളും ഒരു പാരാമെഡിക് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. “എവിടെയാണ് വെടിനിർത്തൽ? എവിടെയാണ് മധ്യസ്ഥർ?” എന്ന് ഗാസ സിറ്റിയിലെ ഷിഫാ ആശുപത്രി ഡയറക്ടർ ഡോ. മുഹമ്മദ് അബു സെൽമിയ ഫേസ്ബുക്കിൽ ചോദിച്ചു. ഗാസയിൽ സമാധാനം നിലനിൽക്കുന്നു എന്ന അവകാശവാദങ്ങൾക്കിടെ തുടർച്ചയായുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ ജനങ്ങളെ കടുത്ത ആശങ്കയിലാക്കുന്നുണ്ട്.



