ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പോരാട്ടം സുപ്രീം കോടതിയിലേക്ക് എത്തിച്ച് മുഖ്യമന്ത്രി മമത ബാനർജി. ബുധനാഴ്ച രാവിലെ സുപ്രീം കോടതിയിലെത്തിയ മമത ബാനർജി, വോട്ടർ പട്ടികയിലെ ‘സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ’ (SIR) നടപടികളിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ നേരിട്ട് വാദിച്ചു. കറുത്ത ഷാൾ അണിഞ്ഞാണ് മമത എത്തിയത്.

വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഉണ്ടായ സമ്മർദ്ദത്താൽ മരിച്ച 100-ലധികം ഉദ്യോഗസ്ഥരോടുള്ള ഐക്യദാർഢ്യവും പ്രതിഷേധവുമാണ് ഈ കറുത്ത ഷാളിലൂടെ താൻ പ്രകടിപ്പിക്കുന്നതെന്ന് അവർ വ്യക്തമാക്കി. സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഒരു മുഖ്യമന്ത്രി നേരിട്ടെത്തി വാദിക്കുന്നത് ഇതാദ്യമായാണ്.

കോടതി നടപടികൾ ആരംഭിക്കുന്നതിന് മുൻപേ തന്നെ മമത ബാനർജി കോടതിയിലെത്തിയിരുന്നു. വെളുത്ത സാരിയും കറുത്ത ഷാളും അണിഞ്ഞെത്തിയ അവരെ കാണാൻ വൻ വക്കീൽ പട തന്നെ കോടതി ഇടനാഴികളിൽ തടിച്ചുകൂടിയിരുന്നു.