ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026-ലെ ഐസിസി പുരുഷ ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ കളിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന് പാകിസ്ഥാൻ. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുമായുള്ള മത്സരത്തിൽ നിന്ന് പാക് ടീം വിട്ടുനിൽക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി വീണ്ടും സ്ഥിരീകരിച്ചു. ഇസ്‌ലാമാബാദിൽ ചേർന്ന ഫെഡറൽ ക്യാബിനറ്റ് യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വിഷയത്തിൽ പാകിസ്ഥാൻ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും ഇന്ത്യയ്‌ക്കെതിരെ കളിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു. “ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരം കളിക്കില്ലെന്ന് ഞങ്ങൾ വ്യക്തമായ തീരുമാനമെടുത്തിട്ടുണ്ട്. കായികരംഗത്ത് രാഷ്ട്രീയം ഉണ്ടാകാൻ പാടില്ല. വളരെ ആലോചിച്ചെടുത്ത ഉചിതമായ തീരുമാനമാണിത്,” പാക് പ്രധാനമന്ത്രി പറഞ്ഞു.
ഫെബ്രുവരി 15 ഞായറാഴ്ച കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്ഥാൻ മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിന് ശേഷം ഫൈനലിൽ ഇരു ടീമുകളും നേർക്കുനേർ വന്നാൽ പാകിസ്ഥാൻ എന്ത് നിലപാട് സ്വീകരിക്കും എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.



