ലോകപ്രശസ്ത ചിത്രകാരൻ മൈക്കലാഞ്ചലോയുടെ വിഖ്യാത ചുവർച്ചിത്രമായ ‘അന്ത്യവിധി’ (The Last Judgment) മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും പുനരുദ്ധരിക്കുന്നു. വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിന്റെ അൾത്താര ഭിത്തിയെ അലങ്കരിക്കുന്ന ഈ കലാരൂപത്തിന് കാലപ്പഴക്കം മൂലമുണ്ടായ മങ്ങലുകൾ മാറ്റാനാണ് വത്തിക്കാൻ മ്യൂസിയം നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്.
1536-നും 1541-നും ഇടയിൽ മൈക്കലാഞ്ചലോ പൂർത്തിയാക്കിയ ഈ ചിത്രം, 1994-ലാണ് ഇതിനുമുമ്പ് സമഗ്രമായ നവീകരണത്തിന് വിധേയമായത്. എന്നാൽ, പ്രതിവർഷം സിസ്റ്റൈൻ ചാപ്പൽ സന്ദർശിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ വഴി അന്തരീക്ഷത്തിലുണ്ടാകുന്ന പൊടിപടലങ്ങളും സൂക്ഷ്മകണങ്ങളും (microparticles) ചിത്രത്തിന്റെ നിറങ്ങൾക്ക് മങ്ങലേൽപ്പിച്ചതായി വത്തിക്കാൻ മ്യൂസിയം ഡയറക്ടർ ബാർബറ ജാറ്റ വ്യക്തമാക്കി. ഈ ‘വെളുത്ത പുകപടലം’ (whitish haze) നീക്കം ചെയ്ത് ചിത്രത്തിന്റെ സ്വാഭാവിക പ്രഭ തിരികെ കൊണ്ടുവരികയാണ് മൂന്ന് മാസം നീളുന്ന ഈ പദ്ധതിയുടെ ലക്ഷ്യം. പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുമ്പോഴും സിസ്റ്റൈൻ ചാപ്പൽ സന്ദർശകർക്കായി തുറന്നിടും.



