നിപ വൈറസിനെ പൂട്ടാൻ വാക്സിൻ പരീക്ഷണത്തിനൊരുങ്ങി ജപ്പാൻ. ടോക്യോ സർവകലാശാലയിലെ ഗവേഷകരാണ് വാക്സിൻ വികസിപ്പിച്ചതെന്ന് ജപ്പാൻ ആസ്ഥാനമായ നിക്കെയ് ഏഷ്യ മാഗസിൻ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ മാസത്തോടെ ബെൽജിയത്തിൽ മനുഷ്യരിൽ ആദ്യഘട്ട ക്ലിനിക്കൽ ട്രയൽ ആരംഭിക്കുമെന്നാണ് വിവരം നിലവിൽ നിപ വൈറസിനെ തുരത്താൻ ലൈസൻസുള്ള വാക്സിനോ പ്രത്യേക ചികിത്സയോ ലഭ്യമല്ല.
നിപാ വൈറസിന്റെ ജനിതക ഘടകങ്ങളുടെ ഒരുഭാഗം മീസിൽസ് വൈറസിലേക്ക് ചേർത്താണ് പുതിയ വാക്സിൻ വികസിപ്പിക്കുന്നതെന്നാണ് വിവരം. മനുഷ്യരിൽ വാക്സിൻ പ്രവേശിക്കുമ്പോൾ നിപാ വൈറസിന് സമാനമായ ആന്റിജെൻ പ്രോട്ടീൻ ഉത്പാദിപ്പിക്കപ്പെടും. ഇത് യഥാർഥ വൈറസിനെ തിരിച്ചറിയാൻ പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുകയും രോഗതീവ്രത കുറയ്ക്കാനും രോഗത്തെ പ്രതിരോധിക്കാനും സഹായിക്കുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു.
നേരത്തേ എലികളിൽ നടത്തിയ പരീക്ഷണത്തിൽ വാക്സിന്റെ ഫലപ്രാപ്തിയും സുരക്ഷയും തെളിയിച്ചതാണെന്ന് വാക്സിൻ വികസിപ്പിച്ച ഗവേഷകർ പഞ്ഞു. മനുഷ്യരിലെ പരീക്ഷണത്തിന്റെ ഭാഗമായി ഒന്നാംഘട്ടത്തിൽ 60പേരെയാണ് ഉൾപ്പെടുത്തുക. ജപ്പാനെ കൂടാതെ നിപയ്ക്കെതിരെ വാക്സിൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഓക്സ്ഫഡ് സർവകലാശാലയിൽ നിന്നുള്ള ഒരുകൂട്ടം ഗവേഷകർ. രണ്ടാംഘട്ട ക്ലിനിക്കൽ ട്രയലിലുള്ള ഈ വാക്സിൻ പരീക്ഷണത്തിന്റെ ഭാഗമാകുന്നത് പതിനെട്ട് വയസ്സിനും അമ്പത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള 300 പേരാണ്.



