തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കാലാവധി തീർന്ന ബസുകൾ പുതുക്കിപണുത് കേരളത്തിൽ സർവീസ് നടത്തുന്നതിന് വിലക്കേർപ്പെടുത്തി. ഇതോടെ സംസ്ഥാനത്തെ ഇരുന്നൂറോളം ബസുകൾ ഷെഡിൽ കയറ്റിയിടേണ്ട അവസ്ഥയാണ്.
ഡൽഹി, ഹരിയാന, ഹിമാചൽപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ സർവീസ് ബസുകളുടെ ഉപയോഗകാലാവധി എട്ടു മുതൽ 10 വർഷം വരെയാണ്. കേരളത്തിൽ ഇത് 22 വർഷമാണ്. ബസുകൾ മാറ്റാറാകുമ്പോൾ മറ്റു സംസ്ഥാനങ്ങളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് ബസ് വാങ്ങി അറ്റകുറ്റപ്പണി നടത്തി രജിസ്ട്രേഷൻ കേരളത്തിലേക്ക് മാറ്റി സർവീസ് നടത്തിയിരുന്നു.
ഇതിനാണിപ്പോൾ ഗതാഗതവകുപ്പ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ ബസ് വാങ്ങാൻ അൻപത് ലക്ഷത്തോളം രൂപ ചെലവ് വരുമ്പോൾ ഇതര സംസ്ഥാനങ്ങളിലെ കാലാവധി തീർന്ന ബസുകൾ പത്തുലക്ഷം രൂപ മുതൽ ലഭിക്കും. പഴഞ്ചൻ വാഹനങ്ങളുടെ ഇടമായി കേരളം മാറാതിരിക്കാനാണ് കടുത്ത തീരുമാനമെടുത്തതെന്ന് അധികൃതർ പറഞ്ഞു.



