കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി വാദം കേൾക്കാനായി മാറ്റി. ഫെബ്രുവരി ഒമ്പതിന് കോടതി വിശദമായ വാദം കേൾക്കും.
കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ്പ കേസിലും കോടതി ഒരുമിച്ചാണ് വാദം കേൾക്കുക. രണ്ട് കേസിലും തനിക്ക് പങ്കില്ലെന്നാണ് തന്ത്രി ജാമ്യഹർജിയിൽ പറയുന്നത്. ആചാരപരമായ കാര്യങ്ങളിലല്ലാതെ സ്വർണക്കൊള്ളയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും തന്ത്രി വ്യക്തമാക്കി.
എന്നാൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയോട് ഉൾപ്പടെ തന്ത്രിക്ക് അടുത്ത ബന്ധം ഉണ്ടെന്നാണ് എസ്ഐടി കണ്ടെത്തൽ. എസ്ഐടി റിപ്പോർട്ടും ഫെബ്രുവരി ഒമ്പതിന് കോടതിയിൽ സമർപ്പിക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി ബുധനാഴ്ചയാണ് കോടതി പരിഗണിക്കുന്നത്.
കേസിൽ ഇതുവരെ മൂന്നുപേരാണ് ജയിൽ മോചിതരായത്. മുരാരി ബാബുവിനും സുധീഷ് കുമാറിനും സ്വാഭാവിക ജാമ്യം അനുവദിച്ച കോടതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിനും ജാമ്യം നൽകിയിരുന്നു.
ദ്വാരപാലക ശിൽപ്പ കേസിൽ ജാമ്യം ലഭിച്ച ഉണ്ണികൃഷ്ണൻ പോറ്റി കട്ടിളപ്പാളി കേസിലാണ് ജാമ്യഹർജി സമർപ്പിച്ചിരിക്കുന്നത്. കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിൽ ഹൈക്കോടി ഉൾപ്പടെ വിമർശനം ഉന്നയിച്ചിട്ടും എസ്ഐടി ഇതുവരെയും തീരുമാനം എടുത്തിട്ടില്ല.



