വി. ഫ്രാൻസിസ് അസീസിയുടെ തിരുശേഷിപ്പുകൾ വണങ്ങാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഏകദേശം മൂന്നരലക്ഷം പേരോളമാണ്. വിശുദ്ധന്റെ ഭൗതികാവശിഷ്ടങ്ങളുടെ ആദ്യ പൊതുപ്രദർശനമാണ് അസീസിയിലെ വി. ഫ്രാൻസിസിന്റെ ലോവർ ബസിലിക്കയിൽ ഫെബ്രുവരി 22 മുതൽ മാർച്ച് 22 വരെ നടക്കുന്നത്.

വിശുദ്ധന്റെ എണ്ണൂറാം മരണവാർഷികത്തിൽ ചരിത്രപരവും ആത്മീയവുമായി പ്രാധാന്യമുള്ള ഒരു നിമിഷമായി ഈ സംഭവം അടയാളപ്പെടുത്തുന്നു. വിശുദ്ധന്റെ ഭൗതികദേഹം അടക്കം ചെയ്തിരിക്കുന്ന ഭൂഗർഭ ചാപ്പലിൽ നിന്നു മാറ്റി ലോവർ ബസിലിക്കയിലെ പേപ്പൽ അൾത്താരയ്ക്കു മുന്നിൽ സ്ഥാപിക്കും. ഒരുമാസം തീർഥാടകർക്ക് പ്രത്യേക വണക്കത്തിനും പ്രാർഥനയ്ക്കും അവസരമുണ്ടായിരിക്കും.

വി. ഫ്രാൻസിസിന്റെ എണ്ണൂറാം മരണവാർഷികത്തോടനുബന്ധിച്ച് ലെയോ പതിനാലാമൻ മാർപാപ്പ ഒരു പ്രത്യേക ജൂബിലിവർഷം പ്രഖ്യാപിച്ചു. 2026 ജനുവരി പത്തുമുതൽ 2027 ജനുവരി പത്തുവരെ നീണ്ടുനിൽക്കുന്നതാണ് ഈ പ്രത്യേക ജൂബിലി വർഷം. ഈ സമയത്ത് വിശ്വാസികൾക്ക് പൂർണ്ണ ദണ്ഡവിമോചനം ലഭിക്കും.