ന്യൂഡൽഹി: ബലൂചിസ്ഥാനിൽ ഡസൻ കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണങ്ങൾക്കു പിന്നിൽ ഇന്ത്യയാണെന്ന പാക്കിസ്ഥാന്റെ ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം. പാക്കിസ്ഥാന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സ്വന്തം ആഭ്യന്തര പരാജയങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാനാണ് ഇസ്ലാമാബാദ് ശ്രമിക്കുന്നതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
പാക് സൈന്യവും ആഭ്യന്തരമന്ത്രി മുഹ്സിൻ നഖ്വിയും ഉന്നയിച്ച ആരോപണങ്ങൾക്കു മറുപടിയായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ആണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പാക്കിസ്ഥാൻ നടത്തുന്നതെന്ന് ജയ്സ്വാൾ പറഞ്ഞു. ഓരോ തവണ അക്രമസംഭവങ്ങൾ അരങ്ങേറുമ്പോഴും ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് പാക്കിസ്ഥാന്റെ സ്ഥിരം തന്ത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ബലൂചിസ്ഥാനിലെ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കുന്നതിനു പകരം, അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും അടിച്ചമർത്തലുകളും മറച്ചുവയ്ക്കാനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നത്. സ്വന്തം രാജ്യത്തെ ക്രമസമാധാന നില പാലിക്കുന്നതിലുണ്ടായ പരാജയം മറയ്ക്കാനാണ് ഇത്തരം അടിസ്ഥാനമില്ലാത്ത വാദങ്ങൾ ഉന്നയിക്കുന്നതെന്നും ജയ്സ്വാൾ പറഞ്ഞു.
സംഘർഷം രൂക്ഷം
സാധാരണക്കാരുടെ വേഷത്തിലെത്തിയ അക്രമികൾ ആശുപത്രികളിലും സ്കൂളുകളിലും ചന്തകളിലും കയറി വെടിയുതിർക്കുകയായിരുന്നു. ജനങ്ങളെ അവർ മനുഷ്യകവചങ്ങളായി ഉപയോഗിച്ചെന്ന് പാക് മന്ത്രി തലാൽ ചൗധരി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ ബലൂചിസ്ഥാനിൽ ഉണ്ടായ തുടർച്ചയായ ആക്രമണങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരുമുൾപ്പെടെ 48 പേർ കൊല്ലപ്പെട്ടെന്ന് ബലൂച് മന്ത്രി സർഫ്രാസ് ബുഖ്ദി പറഞ്ഞു.
ബലൂച് ലിബറേഷൻ ആർമി ആണ് ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. ഹെറോഫ് എന്നു പേരിട്ടിരിക്കുന്ന ഓപ്പറേഷനിലൂടെ ഗ്വാദർ, ക്വറ്റ തുടങ്ങി പ്രധാന മേഖലകളിൽ സുരക്ഷാ സേനയെ ലക്ഷ്യം വച്ചാണ് ആക്രമണം നടന്നത്. അതേസമയം, തിരിച്ചടിയിൽ നൂറിലധികം വിഘടനവാദികളെ വധിച്ചതായി പാക് സൈന്യവും അവകാശപ്പെടുന്നു.
സ്വാഭാവിക വിഭവങ്ങളാൽ സമ്പന്നമാണെങ്കിലും പാകിസ്ഥാനിലെ ഏറ്റവും ദരിദ്രമായ പ്രവിശ്യയാണ് ബലൂചിസ്ഥാൻ. ദശകങ്ങളായി ഇവിടെ സ്വയംഭരണത്തിനായുള്ള പോരാട്ടങ്ങൾ നടന്നുവരികയാണ്.



