ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ആദ്യം ഒഴിവാക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് കാർബോഹൈഡ്രേറ്റ് അടങ്ങിയ കിഴങ്ങുവർഗ്ഗങ്ങൾ. ചോറ്, ചപ്പാത്തി, ഉരുളക്കിഴങ്ങ് എന്നിവ കഴിച്ചാൽ തടി കൂടുമെന്നാണ് പലരുടെയും ധാരണ. എന്നാൽ എല്ലാ കാർബോഹൈഡ്രേറ്റുകളും മോശമല്ലെന്നും അവയുടെ തിരഞ്ഞെടുപ്പിലാണ് കാര്യമെന്നുമാണ് പോഷകാഹാര വിദഗ്ദ്ധർ പറയുന്നത്. ഈ സാഹചര്യത്തിൽ മധുരക്കിഴങ്ങും ഉരുളക്കിഴങ്ങും തമ്മിലുള്ള പോരാട്ടത്തിൽ ശരീരഭാരം കുറയ്ക്കാൻ ഏതാണ് മികച്ചതെന്ന് പരിശോധിക്കാം.

ഭാരം കുറയ്ക്കാൻ കലോറി നിയന്ത്രണം അത്യാവശ്യമാണ്. 100 ഗ്രാം മധുരക്കിഴങ്ങിൽ ഏകദേശം 85 മുതൽ 90 വരെ കലോറി അടങ്ങിയിട്ടുണ്ട്. എന്നാൽ ഇതേ അളവ് ഉരുളക്കിഴങ്ങിൽ 75 മുതൽ 80 വരെ കലോറി മാത്രമേയുള്ളൂ. ഒറ്റനോട്ടത്തിൽ ഉരുളക്കിഴങ്ങിൽ കലോറി കുറവാണെന്ന് തോന്നുമെങ്കിലും ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം വളരെ ചെറുതാണ്. നിങ്ങൾ ഇത് എങ്ങനെ പാകം ചെയ്യുന്നു എന്നതിലാണ് യഥാർത്ഥ കാര്യം ഇരിക്കുന്നത്.