2026-ലെ ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള പാകിസ്ഥാൻ സർക്കാരിൻ്റെ തീരുമാനത്തോട് പ്രതികരിച്ച് പാക് നായകൻ സൽമാൻ ആഘ. ടൂർണമെൻ്റിൽ പാകിസ്ഥാൻ പങ്കെടുക്കുമെങ്കിലും ഇന്ത്യയ്ക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരം ഒഴിവാക്കാൻ സർക്കാർ നിർദ്ദേശിച്ചിരുന്നു. ഈ തീരുമാനം കളിക്കാരുടെ നിയന്ത്രണത്തിലുള്ള കാര്യമല്ലെന്നും സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ ടീം ബാധ്യസ്ഥരാണെന്നും സൽമാൻ ആഘ വ്യക്തമാക്കി.

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര 3-0 ന് തൂത്തുവാരിയതിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് സൽമാൻ ആഘ നിലപാട് വ്യക്തമാക്കിയത്. “തീർച്ചയായും ഞങ്ങൾ ലോകകപ്പിന് പോകും. എന്നാൽ ഇന്ത്യയ്ക്കെതിരായ മത്സരം കളിക്കണോ വേണ്ടയോ എന്നത് ഞങ്ങളുടെ തീരുമാനമല്ല. ഞങ്ങളുടെ സർക്കാരും ചെയർമാനും എന്ത് നിർദ്ദേശിക്കുന്നുവോ അത് പിന്തുടരാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. അതനുസരിച്ച് മാത്രമേ ഞങ്ങൾക്ക് മുന്നോട്ട് പോകാൻ കഴിയൂ,” സൽമാൻ പറഞ്ഞു. ഫെബ്രുവരി 15-ന് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്ഥാൻ മത്സരം നിശ്ചയിച്ചിരിക്കുന്നത്.