അണ്ടർ 19 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ ആവേശപ്പോരാട്ടത്തിനിടെ മുൻ പാക് നായകനും പാക് ടീം മെന്‍ററുമായ സർഫറാസ് അഹമ്മദ് മൊബാല്‍ ഫോണ്‍ ഉപയോഗിച്ചത് വിവാദത്തിൽ. മത്സരത്തിനിടെ ഡ്രസ്സിങ് റൂമിന് സമീപം മത്സരം കണ്ടുകൊണ്ടിരുന്ന സര്‍ഫറാസ് മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതാണ് ചർച്ചയാകുന്നത്.

ഐസിസിയുടെ കർശനമായ അഴിമതി വിരുദ്ധ നിയമങ്ങളുടെ ലംഘനമാണിതെന്ന ആരോപണം ശക്തമാണ്. ഐസിസിയുടെ ‘പ്ലേയേഴ്സ് ആൻഡ് മാച്ച് ഒഫീഷ്യൽസ് ഏരിയ’ നിയമപ്രകാരം, കളി നടക്കുന്ന സമയത്ത് ഡ്രസ്സിങ് റൂമിലോ പരിസരത്തോ കളിക്കാർക്കോ ടീം ഒഫീഷ്യൽസിനോ ആശയവിനിമയോപാധികള്‍ ഒന്നും ഉപയോഗിക്കാൻ അനുവാദമില്ല. ഐസിസി നിയമത്തിലെ ആര്‍ട്ടിക്കിള്‍ 4.1.1 അനുസരിച്ച് മത്സരസമയത്ത് കളിക്കാരോ പരിശീലകരോ സപ്പോര്‍ട്ട് സ്റ്റാഫോ ടീമുമായി ബന്ധപ്പെട്ടവരോ മൊബൈല്‍ ഫോണോ മറ്റ് ആശയവിനിമയ ഉപാധികളോ യാതൊരു കാരണവശാലും കൈവശം വയ്ക്കാനോ ഉപയോഗിക്കാനോ പാടില്ല.