ഫെബ്രുവരി രണ്ടാം തീയതി സമർപ്പിതരുടെ മുപ്പതാമത് ആഗോളദിനമായി ആചരിക്കുകയാണ്. അന്നേ ദിവസം വത്തിക്കാനിലെ വി. പത്രോസിന്റെ ബസിലിക്കയിൽ, ലെയോ പതിനാലാമൻ പാപ്പ വിശുദ്ധബലിക്ക് കാർമ്മികത്വം വഹിക്കും. ദിനാഘോഷത്തോടനുബന്ധിച്ച് സമർപ്പിതജീവിത സ്ഥാപനങ്ങൾക്കും അപ്പോസ്തലജീവിത സമൂഹങ്ങൾക്കും വേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി ഒരു ലേഖനം പ്രസിദ്ധീകരിച്ചു.

പരീക്ഷണങ്ങളാൽ അടയാളപ്പെടുത്തപ്പെട്ട സാഹചര്യങ്ങളിലും പ്രത്യാശയുടെ അടയാളമായും സുവിശേഷത്തിന്റെ പ്രേഷിതരായും ജീവിക്കുന്ന സന്യസ്തരെ ലേഖനത്തിൽ നന്ദിയോടെ അനുസ്മരിച്ചു. സംഘർഷങ്ങൾ, സാമൂഹികവും രാഷ്ട്രീയവുമായ അസ്ഥിരത, ദാരിദ്ര്യം, പാർശ്വവൽക്കരണം, നിർബന്ധിത കുടിയേറ്റം, മതന്യൂനപക്ഷത്തോടുള്ള എതിർപ്പുകൾ, അക്രമം, വ്യക്തികളുടെ അന്തസ്സ് ഹനിക്കുന്ന പ്രവർത്തികൾ, പിരിമുറുക്കങ്ങൾ എന്നിവ രൂക്ഷമായ സാഹചര്യത്തിൽ സന്യസ്തരുടെ പ്രവാചകസാന്നിധ്യം ഏറെ ശക്തമാണ്. ദുർബലതയുടെയും പരീക്ഷണത്തിന്റെയും സാഹചര്യങ്ങളിൽ ജീവിക്കുന്ന മനുഷ്യരോടു ചേർന്നുള്ള സന്യസ്തരുടെ പ്രവർത്തനങ്ങൾ എപ്പോഴും ‘നിലനിൽക്കുന്ന ഒരു സാന്നിധ്യമായി’ മാറിയിട്ടുണ്ടെന്നും പാപ്പ ലേഖനത്തിൽ വെളിപ്പെടുത്തി.

ലോകത്തിന്റെ പല ഭാഗങ്ങളിലും, രാഷ്ട്രീയവും സാമൂഹികവുമായ സാഹചര്യം വിശ്വാസത്തെ പരീക്ഷണത്തിനു വിധേയമാക്കുകയും പ്രത്യാശയെ തളർത്തുകയും ചെയ്യുമ്പോൾ വിശ്വസ്തവും എളിമയാർന്നതും സർഗാത്മകവും വിവേകപൂർണ്ണവുമായ സന്യസ്തരുടെ സാന്നിധ്യം ദൈവം തന്റെ ജനത്തെ ഉപേക്ഷിക്കുന്നില്ല എന്നതിന്റെ അടയാളമായി മാറുന്നു. സന്യസ്തരുടെ ഈ സാന്നിധ്യം വ്യക്തിപരമോ, സാമൂഹികമോ ആയ തിരഞ്ഞെടുപ്പല്ല. അവരുടെ വാക്കുകൾ, മുഴുവൻ സഭയ്ക്കും ലോകത്തിനും ഒരു പ്രവാചകശബ്ദമായി മാറുന്നു.

സംഘർഷങ്ങളുടെ മുറിവുകൾ സാഹോദര്യത്തെ മായ്ച്ചുകളയുന്നതായി തോന്നുന്നിടത്ത് കൃത്യമായി നിരായുധരാക്കുന്ന വാക്കുകൾ, സംസ്കാരങ്ങളും മതങ്ങളും തമ്മിലുള്ള സംഭാഷണം ഊട്ടിയുറപ്പിക്കുന്ന ബന്ധങ്ങൾ, കൊച്ചുകുട്ടികളുടെ സംരക്ഷണത്തിനുള്ള പ്രതിബദ്ധത, അനുരഞ്ജനത്തിന്റെ പാതകൾ തേടുന്നതിലെ സ്ഥിരോത്സാഹം, വ്യക്തികളുടെ അന്തസ്സിനെയും നീതിയെയും നിഷേധിക്കുന്ന സാഹചര്യങ്ങളെയും ഘടനകളെയും അപലപിക്കാനുള്ള ധൈര്യം എന്നിവയെല്ലാം സമർപ്പിതരുടെ ജീവിതത്തിന്റെ സവിശേഷതകളാണെന്നതും ലേഖനത്തിൽ പറയുന്നു.

സമർപ്പിതരുടെ ധ്യാനാത്മകമായ ജീവിതം പ്രത്യാശ കാത്തുസൂക്ഷിക്കുന്നുവെന്നും അത് സമൂഹത്തിൽ വിവേകപൂർണ്ണമായ പുളിപ്പായി സുവിശേഷത്തിന് സാക്ഷ്യം വഹിക്കുന്നുവെന്നും ലേഖനത്തിൽ എടുത്തുപറയുന്നു. അതിനാൽ, സമർപ്പിതർ സമാധാനത്തിന്റെ വക്താക്കളായി മാറാനും സത്യത്തിന്റെ സാക്ഷികളാകാനും ലെയോ പതിനാലാമൻ പാപ്പയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ലേഖനം അടിവരയിടുന്നു.

സമാധാനം അകലെയാണെന്നു തോന്നുമെങ്കിലും അതിന്റെ പ്രാപ്തിക്കായി സ്ഥിരോത്സാഹത്തോടെ പ്രവർത്തിക്കണമെന്നും സമാധാനത്തിന്റെ പാതയിൽ പ്രത്യാശയുടെ തീർഥാടകരാകാൻ ഏവരെയും ക്ഷണിച്ച ജൂബിലിയുടെ ആഹ്വാനം ജീവിതത്തിൽ തുടരാനുള്ള ആശംസകളും പാപ്പ നൽകി. സഭയിലും ലോകത്തിലും പ്രവാചകസാന്നിധ്യവും സമാധാനത്തിന്റെ വിത്തായിത്തീരാനുമുള്ള ക്ഷണവും നൽകിയാണ് ലേഖനം ഉപസംഹരിക്കുന്നത്.

ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട്, സിസ്റ്റർ സിമോണ ബ്രാംബില്ല, പ്രോ-പ്രിഫെക്റ്റ് കർദിനാൾ ആംഹെൽ അർത്തിമേ, സെക്രട്ടറി സിസ്റ്റർ തിത്സ്യാന മെർലെത്തി എന്നിവരാണ് ലേഖനത്തിൽ ഒപ്പുവച്ചിട്ടുള്ളത്.