അതിരുകള്‍ ഭേദിച്ച് എഐ ബഹിരാകാശത്തേക്കും വികസിപ്പിക്കാനൊരുങ്ങി ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. എഐയുടെ വര്‍ധിച്ചുവരുന്ന പ്രാധാന്യം കണക്കിലെടുത്ത് ഓര്‍ബിറ്റല്‍ ഡാറ്റാ സെന്റര്‍ സ്ഥാപിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി പത്ത് ലക്ഷം ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പദ്ധതി. 

വിക്ഷേപണത്തിന് അനുമതി തേടി യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷനെ സ്പേസ്എക്സ് ഔദ്യോഗികമായി സമീപിച്ചു. വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെ സൂപ്പര്‍ കമ്പ്യൂട്ടറുകളായി പ്രവര്‍ത്തിക്കും. ഇവ ചേര്‍ന്നതാകും വമ്പന്‍ എഐ ഡാറ്റാ സെന്റര്‍. ബഹിരാകാശത്ത് സൂര്യപ്രകാശം സമൃദ്ധമായി ലഭിക്കുന്നതും ശീതീകരണ സംവിധാനങ്ങള്‍ വെല്ലുവിളി ഉയര്‍ത്താത്തതും ഓര്‍ബിറ്റല്‍ ഡാറ്റാ സെന്ററിന് ഏറ്റവും അനുകൂലമായ ഘടകങ്ങളാണ്. വര്‍ധിച്ചുവരുന്ന എഐ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇതിന് കഴിയുമെന്ന് വിലയിരുത്തപ്പെടുന്നത്.

2026 ജനുവരി ആദ്യം തന്നെ ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് സ്പേസ് എക്സ് തുടക്കം കുറിച്ചിരുന്നു. എഐയ്ക്ക് പ്രചാരം വര്‍ധിക്കുന്നത് ഭൂമിയില്‍ വന്‍തോതിലുള്ള ഊര്‍ജ്ജ പ്രതിസന്ധി ഉണ്ടാക്കാനിടയാക്കുമെന്ന ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതാണ് സ്പേസ് എക്സിന്റെ ഈ പദ്ധതി. ഊര്‍ജ പ്രതിസന്ധി എഐ മുന്നേറ്റത്തെ തന്നെ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ മാത്രം കണ്ടിരുന്ന തരത്തിലുള്ള സംവിധാനമാണ് സ്പേസ് എക്സ് യാഥാര്‍ഥ്യമാക്കാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.