ഐസിസി അണ്ടർ-19 ലോകകപ്പിലെ നിർണ്ണായകമായ സൂപ്പർ സിക്സ് പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ചിരവൈരികളായ പാകിസ്താനെ നേരിടും. സിംബാബ്വെയിലെ ബുലവായോയിലുള്ള ക്വീൻസ് സ്പോർട്സ് ക്ലബിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1 മണിക്കാണ് മത്സരം ആരംഭിക്കുന്നത്.
സെമി ഫൈനൽ ലക്ഷ്യമിട്ടിറങ്ങുന്ന ഇരു ടീമുകൾക്കും ഈ മത്സരം ഏറെ നിർണ്ണായകമാണ്. കഴിഞ്ഞ ഡിസംബറിൽ ദുബായിൽ നടന്ന അണ്ടർ-19 ഏഷ്യ കപ്പ് ഫൈനലിൽ പാകിസ്താനോട് ഏറ്റ കനത്ത തോൽവിക്ക് പകരം വീട്ടാനാണ് ആയുഷ് മ്ഹാത്രെ നയിക്കുന്ന ഇന്ത്യൻ ടീം ഇന്ന് പാഡണിയുന്നത്.
ലോകകപ്പിൽ ഇതുവരെ തോൽവി അറിയാതെയാണ് ഇന്ത്യയുടെ മുന്നേറ്റം. ഗ്രൂപ്പ് ഘട്ടത്തിൽ അമേരിക്ക, ബംഗ്ലാദേശ്, ന്യൂസിലൻഡ് എന്നീ ടീമുകളെ തകർത്ത ഇന്ത്യ സൂപ്പർ സിക്സിലെ ആദ്യ മത്സരത്തിൽ സിംബാബ്വെയെ 204 റൺസിന് പരാജയപ്പെടുത്തിയിരുന്നു.



