2025 നവംബര്‍ 10 ന് ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രാജ്യവ്യാപകമായ ഭീകരാക്രമണ ഗൂഢാലോചന നടന്നതായാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. രാജ്യത്തെ പ്രമുഖ ഗ്ലോബല്‍ കോഫി ചെയിന്‍ ഔട്ട്‌ലെറ്റുകളില്‍ സ്‌ഫോടന പരമ്പര നടത്താനായിരുന്നു പ്രതികള്‍ ആദ്യം പദ്ധതിയിട്ടിരുന്നതെന്ന നിര്‍ണായക വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
ഗാസയിലെ ഇസ്രായേല്‍ സൈനിക നടപടിക്ക് സ്‌ഫോടനങ്ങളിലൂടെ മറുപടി നല്‍കുക എന്നതായിരുന്നു ഇതിലൂടെ ഭീകരര്‍ ലക്ഷ്യം വെച്ചതെന്നാണ് വിവരം. എന്നാല്‍ ലക്ഷ്യസ്ഥാനങ്ങളെ ചൊല്ലി ഭീകരര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിരുന്നു. സംഘത്തിലെ ചിലര്‍ക്ക് ജമ്മു കാശ്മീരിലെ സുരക്ഷാ സൈന്യത്തെ ലക്ഷ്യംവച്ച് സ്‌ഫോടനം നടത്തണമെന്നായിരുന്നു താല്‍പ്പര്യമെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
കഴിഞ്ഞ നാല് വര്‍ഷമായി രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന ഈ ‘വൈറ്റ് കോളര്‍’ ഭീകര സംഘം രാജ്യത്തിന് വലിയ സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തിയിരുന്നത്. ജമ്മു കശ്മീര്‍ പൊലീസില്‍ നിന്ന് ലഭിച്ച രഹസ്യവിവരങ്ങളാണ് ഡല്‍ഹിയ്ക്ക് ശേഷം ഭീകരര്‍ നടത്താനിരുന്ന തുടര്‍പദ്ധതികള്‍ക്ക് തടയിട്ടത്. കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ നടപ്പിലാക്കാന്‍ നിശ്ചയിച്ചിരുന്ന നിരവധി ഭീകരാക്രമണ പദ്ധതികളാണ് ഇതുവഴി പരാജയപ്പെടുത്തിയത്.



