സിനിമാ മേഖലയിൽ ചുവടുറപ്പിക്കുന്നതിന് മുൻപ് താൻ നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് പ്രശസ്ത തെന്നിന്ത്യൻ നടി ഐശ്വര്യാ രാജേഷ്. കരിയറിന്റെ തുടക്കത്തിൽ ഒരു ഫോട്ടോഗ്രാഫറിൽ നിന്ന് നേരിട്ട മോശം പെരുമാറ്റത്തെക്കുറിച്ചാണ് നടി വെളിപ്പെടുത്തിയത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഫോട്ടോഗ്രാഫറുടെ പേര് പറയാതെ നടി ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ചത്.
ഫോട്ടോഷൂട്ടിനായി എത്തിയപ്പോൾ ഫോട്ടോഗ്രാഫർ തന്നോട് അടിവസ്ത്രം മാത്രം ധരിക്കാൻ ആവശ്യപ്പെട്ടുവെന്ന് ഐശ്വര്യാ രാജേഷ് പറഞ്ഞു. ‘ഞാൻ അന്ന് വളരെ ചെറുപ്പമായിരുന്നു. എന്റെ സഹോദരനോടൊപ്പമാണ് അവിടെ പോയത്. എന്നാൽ ഫോട്ടോഗ്രാഫർ അവനോട് പുറത്തിരിക്കാൻ ആവശ്യപ്പെട്ടു. എന്നെ മാത്രം അകത്തേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ധരിക്കാൻ ഒരു അടിവസ്ത്രം തന്നു. എനിക്ക് നിങ്ങളുടെ ശരീരം കാണണം എന്ന് അയാൾ ആവശ്യപ്പെട്ടു’ – നടി വെളിപ്പെടുത്തി.
ആ പ്രായത്തിൽ സിനിമാ മേഖലയിലെ രീതികളെക്കുറിച്ച് തനിക്ക് വലിയ അറിവില്ലായിരുന്നുവെന്ന് ഐശ്വര്യ പറഞ്ഞു. ഇങ്ങനെയൊക്കെയായിരിക്കും കാര്യങ്ങൾ എന്നാണ് കരുതിയത്. ‘ഏറെക്കുറെ ഞാൻ അതിൽ വീഴാനിരുന്നതാണ്. രണ്ട് മിനിറ്റ് കൂടെ അദ്ദേഹം സംസാരിച്ചിരുന്നെങ്കിൽ ഞാൻ അത് അനുസരിച്ചേനെ. പക്ഷേ, എനിക്ക് എന്തോ സംശയം തോന്നി’ – നടി കൂട്ടിച്ചേർത്തു.
അവിടെ നിന്ന് രക്ഷപ്പെടാൻ താൻ ഒരു ഉപായം കണ്ടെത്തുകയായിരുന്നുവെന്ന് നടി പറഞ്ഞു. വസ്ത്രം മാറുന്നതിന് മുൻപ് സഹോദരനോട് അനുമതി ചോദിക്കണമെന്ന് ആവശ്യപ്പെട്ടാണ് താൻ അവിടെ നിന്നും ഇറങ്ങിയത്. എത്ര പെൺകുട്ടികൾ അയാളുടെ കെണിയിൽ വീണിട്ടുണ്ടാകുമെന്നാണ് താൻ ആലോചിച്ചതെന്നും, സ്വന്തം സഹോദരനോട് പോലും ഈ സംഭവം താൻ ഇതുവരെ പറഞ്ഞിട്ടില്ലെന്നും ഐശ്വര്യ വ്യക്തമാക്കി.
മദ്രാസിൽ തെലുങ്ക് കുടുംബത്തിൽ ജനിച്ച ഐശ്വര്യ തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ചിത്രങ്ങളിൽ സജീവ സാന്നിധ്യമാണ്. പിതാവ് രാജേഷ് തെലുങ്കിൽ നടനായിരുന്നു. ബാലതാരമായി തെലുങ്കിൽ തുടങ്ങിയ ഐശ്വര്യ തമിഴ് ചിത്രങ്ങളിലൂടെയാണ് സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയത്.
ദുൽഖർ സൽമാന്റെ നായികയായി ‘ജോമോന്റെ സുവിശേഷങ്ങൾ’, നിവിൻ പോളിയുടെ ‘സഖാവ്’, ‘പുലിമട’, ‘എആർഎം’, ‘ഹെർ’ എന്നീ മലയാള ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച തമിഴ്‌നാട് ചലച്ചിത്ര പുരസ്‌കാരങ്ങളിൽ 2018-ലെ മികച്ച നടിക്കുള്ള പ്രത്യേക പുരസ്കാരം ഐശ്വര്യ നേടിയിരുന്നു. ‘കനാ’, ‘വട ചെന്നൈ’ എന്നീ



