കോൺഗ്രസ് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഒന്നാമത്തെ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീംകോടതിയെ സമീപിച്ചു. തനിക്കെതിരെ സൈബർ ആക്രമണം നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ തടസഹർജി നൽകി. അതിജീവിതയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച കേസിൽ പ്രതിയായ ദീപ ജോസഫ് സമർപ്പിച്ച ഹർജിയിലാണ് തടസഹർജി നൽകിയത്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ആരോപണം ഉയർന്നിട്ടും ദീപ ജോസഫ് അദ്ദേഹത്തെ പിന്തുണയ്ക്കുകയും പരാതിക്കാരിയായ അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തിൽ ദീപ ജോസഫിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഈ നടപടിക്കെതിരെ ദീപ ജോസഫ് സുപ്രീംകോടതിയിൽ റിട്ട് ഹർജി നൽകിയിട്ടുണ്ട്. ദീപ ജോസഫിന്റെ ഹർജി പരിഗണിക്കുമ്പോൾ, തന്റെ വാദം കൂടി കേട്ട ശേഷം മാത്രമേ കോടതി നടപടികൾ സ്വീകരിക്കാവൂ എന്നാണ് അതിജീവിത ആവശ്യപ്പെട്ടിരിക്കുന്നത്.  ദീപയുടെ ഹർജിയിൽ കോടതി എന്തെങ്കിലും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയാണെങ്കിൽ അത് തന്റെ ഭാഗം കേൾക്കാതെ ആകരുതെന്ന് തടസഹർജിയിൽ വ്യക്തമാക്കുന്നു. സുപ്രീംകോടതി അഭിഭാഷകനായ അഡ്വ. കെ.ആർ സുഭാഷ് ചന്ദ്രൻ മുഖേനയാണ് അതിജീവിത തടസഹർജി ഫയൽ ചെയ്തത്.