തിരുവനന്തപുരം: തിരുവനന്തപുരത്ത് 20 കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടിയ കേസിലെ പ്രതിക്ക് 26 വര്‍ഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അന്തര്‍ദേശിയ മയക്കുമരുന്നുസംഘവുമായി ബന്ധമുള്ള കോട്ടയം സ്വദേശി ജികെ എന്ന ജോര്‍ജുകുട്ടി(40) യെ ആണു ശിക്ഷിച്ചത്. തിരുവനന്തപുരം ഒന്നാം അഡിഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.
ഇരുപതു കിലോ ഹാഷിഷ്, 220 ഗ്രാം ചരസ്, രണ്ടര കിലോ കഞ്ചാവ് എന്നിവയായി 2019 ജൂണ്‍ 22 നാണു ജോര്‍ജുകുട്ടി പിടിയിലായത്. വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച വാഹനത്തില്‍ ആന്ധ്രയില്‍നിന്നു കേരളത്തിലേക്കു കൊണ്ടു വരുമ്പോള്‍ കോവളം ബൈപ്പാസിനു സമീപം തുപ്പണത്തുകാവ് ക്ഷേത്രത്തിന്‍റെ മുമ്പില്‍ വച്ച് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. നിലവില്‍ മറ്റൊരു മയക്കുമരുന്നു കേസില്‍ തവന്നൂര്‍ സെന്‍ട്രല്‍ ജയിലില്‍ പത്തു വര്‍ഷം ശിക്ഷ അനുഭവിച്ചു വരുകയാണ് പ്രതി.
കാറിൽ അറ
മയക്കുമരുന്നു കച്ചവടത്തിനായി എറണാകുളത്തുനിന്ന് ഒരു കാര്‍ വാങ്ങിയ ജോര്‍ജുകുട്ടി സ്‌ക്രാപ്പിനു വിറ്റ മറ്റൊരു കാറിന്‍റെ ആര്‍സി ബുക്കും നമ്പര്‍ പ്ലേറ്റും സംഘടിപ്പിച്ചു വാങ്ങിയ കാറില്‍ ഫിറ്റ് ചെയ്തു. ഈ കാര്‍ തേനിയില്‍ കൊണ്ടുപോയി കാറിനടിയില്‍ രഹസ്യ അറ നിര്‍മിച്ചു. ഈ കാര്‍ ഉപയോഗിച്ചു വന്‍തോതില്‍ മയക്കുമരുന്നു കടത്തുന്നതിനിടെ സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡിന്‍റെ കൈയില്‍ അകപ്പെടുകയായിരുന്നു. തുടര്‍ന്ന് തെളിവെടുപ്പിന് അന്വേഷണ സംഘം ബംഗളൂരുവില്‍ എത്തിച്ച പ്രതി അന്വേഷണ സംഘത്തെ വെട്ടിച്ചു കടന്നു.
ഒാഫീസറെ വെടിവച്ചു
ഇരുപത്തിയാറാം ദിവസം മലപ്പുറം വണ്ടൂരിലെ ഭാര്യാവീട്ടില്‍നിന്നു പിടികൂടുന്നതിനിടെ ഉദ്യോഗസ്ഥരെ വെടിവച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. എക്സൈസ് റേഞ്ച് ഒാഫീസർ മനോജിനാണ് വെടിയേറ്റത്. നാട്ടുകാരുടെ സഹായത്തോടെയാണ് ഇന്നു പ്രതിയെ പിടികൂടിയത്.
ഇയാളില്‍നിന്ന് ഒരു കിലോ ഹാഷിഷ് കണ്ടെടുത്ത കേസില്‍ മഞ്ചേരി കോടതി 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം പിഴയും ശിക്ഷിച്ചിരുന്നു. കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ട കേസില്‍ ബംഗളൂരു കോടതി ആറു മാസം തടവും 25,000 പിഴയും ശിക്ഷിച്ചു.
അസിസ്റ്റന്‍റ് കമ്മീഷണര്‍ എ.ആര്‍. സുല്‍ഫിക്കര്‍ പ്രാഥമിക അന്വേഷണം നടത്തിയ കേസില്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ എ.എസ്. ബിനു അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ മനീഷ് ഹാജരായി.



