തിരുവനന്തപുരം: കിളിമാനൂരിൽ ദമ്പതികളെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വിഷ്ണുവിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് വൻ പോലീസ് സംഘത്തിന്റെ അകമ്പടിയോടെ തെളിവെടുപ്പ് നടത്തിയത്.
ജനരോഷം മൂലം രണ്ട് തവണ മാറ്റി വെച്ച തെളിവെടുപ്പാണ് കനത്ത സുരക്ഷാ സന്നാഹത്തോടെ നടത്തിയത്. കഴിഞ്ഞ നാലിനാണ് എംസി റോഡിൽ കിളിമാനൂർ പാപ്പാലക്ക് സമീപം ദമ്പതികളായ രജിത്തും അംബികയും സഞ്ചരിച്ച സ്കൂട്ടറിനെ അമിത വേഗത്തിലെത്തിയ ഥാർ ജീപ്പ് ഇടിച്ച് തെറിപ്പിക്കുന്നത്.
തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. അപകടത്തിനുശേഷം നിര്‍ത്താതെ പോയ വാഹനം നാട്ടുകാര്‍ തടഞ്ഞ് വിഷ്ണുവിനെ പിടികൂടി പോലീസിൽ ഏല്‍പ്പിച്ചെങ്കിലും കേസെടുക്കാതെ ഇയാളെ വിട്ടയക്കുകയായിരുന്നു.
തുടർന്ന് ഒളിവിൽപ്പോയ പ്രതിയെ പാറശാലയിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. അപകടമുണ്ടാക്കിയ വാഹനത്തിൽ നിന്ന് ഉന്നത ഉദ്യോഗസ്ഥരുടെ ഐഡികാര്‍ഡുകള്‍ ലഭിച്ചെങ്കിലും ഇവർക്ക് കൃത്യത്തിൽ പങ്കില്ലെന്ന് പോലീസ് പറഞ്ഞു.



