കല്‍പ്പറ്റ: വയനാട്ടിലെ മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യു പട്ടയഭൂമികളില്‍നിന്ന് അനധികൃതമായി മുറിച്ചതിനത്തുടര്‍ന്നു പിടിച്ചെടുത്ത ഈട്ടിത്തടികള്‍ വനം വകുപ്പ് കണ്ടുകെട്ടിയതിനെതിരായ അപ്പീലുകള്‍ കോടതി തള്ളി. നിയമവിരുദ്ധ മരംമുറിയുമായി ബന്ധപ്പെട്ട വനം, പോലീസ് കേസുകളിലെ പ്രതികളിലൊരാളായ സൂര്യ ടിമ്പര്‍ ഉടമ റോജി അഗസ്റ്റിനും മറ്റും സമര്‍പ്പിച്ച അപ്പീലുകളാണ് അഡീഷണല്‍ ജില്ലാ കോടതി(ഒന്ന്) ജഡ്ജ് എ.വി. മൃദുല തള്ളിയത്. വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് കുപ്പാടി ഡിപ്പോയില്‍ സൂക്ഷിച്ചിരിക്കുന്ന മരങ്ങള്‍ ലേലം ചെയ്ത് സര്‍ക്കാരിലേക്കു മുതല്‍ക്കൂട്ടുന്നതിന് ഇതോടെ സാധ്യത തെളിഞ്ഞു.
ഡിപ്പോയിലുള്ള തടികള്‍ ലേലം ചെയ്യുന്നതിന് അനുമതി തേടി ഡിഎഫ്ഒ കോടതിയെ നേരത്തേ സമീപിച്ചിരുന്നു. സൂര്യ ടിമ്പര്‍ ഉടമ റോജി അഗസ്റ്റിന്‍ സ്വകാര്യ വ്യക്തികളില്‍നിന്നു വാങ്ങിയ ഈട്ടിത്തടികള്‍ കണ്ടുകെട്ടി സൗത്ത് വയനാട് ഡിഎഫ്ഒ 2022 ഒക്ടോബര്‍ 27ന് എ2/1967/21 നമ്പറായി ഉത്തരവായിരുന്നു. ഇതിനെതിരേയായിരുന്നു അപ്പീലുകളെന്ന് ജില്ല ഗവ.പ്ലീഡര്‍ ഇന്‍ ചാര്‍ജും പബ്ലിക് പ്രോസിക്യൂട്ടറുമായ അഭിലാഷ് ജോസഫ് പറഞ്ഞു.
കണ്ടുകെട്ടൽ
മുട്ടില്‍ സൗത്ത് വില്ലേജില്‍ മുറിച്ചതില്‍ 231 ക്യുബിക് മീറ്റര്‍ ഈട്ടിയാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് ഡിപ്പോയിലേക്ക് മാറ്റിയത്. ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ വനം വകുപ്പ് നടപടിക്കെതിരേ മരംമുറിക്കേസില്‍ ഉള്‍പ്പെട്ട റോജി അഗസ്റ്റിനും മറ്റും ജില്ലാ കോടതിയില്‍നിന്നു സ്റ്റേ സമ്പാദിച്ചിരുന്നു. ഡിപ്പോയില്‍ സൂക്ഷിച്ച തടികള്‍ കേസിലെ കക്ഷികള്‍ വിലയ്ക്കു വാങ്ങിയതാണെന്നു കണ്ടെത്തുന്ന സാഹചര്യം ഉണ്ടാകുന്നതും പരിഗണിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് മരംമുറി കേസ് തീര്‍പ്പാകുന്നതുവരെയാണ് കണ്ടുകെട്ടല്‍ നടപടികള്‍ കോടതി സ്റ്റേ ചെയ്തത്.
വിലയ്ക്കു വാങ്ങിയെന്ന്
പിടിച്ചെടുത്ത് ഡിപ്പോയിലേക്കു മാറ്റിയ തടികള്‍ മരക്കച്ചവടക്കാരയ തങ്ങള്‍ കര്‍ഷകരില്‍നിന്നു വിലയ്ക്കു വാങ്ങിയതാണെന്നും ലൈസന്‍സും രജിസ്‌ട്രേഷന്‍ മാര്‍ക്കും വനം വകുപ്പില്‍നിന്നു ലഭിച്ചിട്ടുണ്ടെന്നും അപ്പീല്‍ കക്ഷികള്‍ വാദിച്ചിരുന്നു. അപ്പീലിനെ എതിര്‍ത്തെങ്കിലും കസ്റ്റഡിയിലുള്ള തടികള്‍ കക്ഷികള്‍ ഭൂവുടമകളില്‍നിന്നു വിലയ്ക്കുവാങ്ങിയതാണെന്നു ഡിഎഫ്ഒ കോടതിയില്‍ സമ്മതിച്ചിരുന്നു. കേസ് തീര്‍പ്പാകുന്നതുവരെ തടികള്‍ മേല്‍ക്കൂരയുള്ള ഷെഡില്‍ നിലത്തുനിന്നു മതിയായ ഉയരത്തില്‍ വെയിലോ മഴയോ ഈര്‍പ്പമോ തട്ടാതെ കേസ്തീര്‍പ്പാകുന്നതുവരെ സൂക്ഷിക്കണമെന്നു കോടതി വനം വകുപ്പിനു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, തടികളുടെ സംരക്ഷണത്തിനു വനം വകുപ്പ് മതിയായ നടപടികള്‍ സ്വീകരിച്ചിട്ടില്ല.
സർക്കാർ ഉത്തരവ്
റവന്യൂ പട്ടയ ഭൂമിയിലെ വൃക്ഷവില അടച്ചതും സ്വയം കിളിര്‍ത്തതും നട്ടുവളര്‍ത്തിയതുമായ മരങ്ങളില്‍ ചന്ദനം ഒഴികെയുള്ളവ മുറിച്ചെടുക്കുന്നതിനു കൈവശക്കാരെ അനുവദിച്ച് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 ഒക്ടോബര്‍ 24നു ഉത്തരവായിരുന്നു. ഇതിന്‍റെ മറവിലാണ് വയനാട്ടിലടക്കം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ റവന്യു പട്ടയഭൂമികളില്‍ ഈട്ടി, തേക്ക് മുറി നടന്നത്. 1964ലെ കേരള ഭൂപതിവ് ചട്ടമനുസരിച്ച് കൈവശക്കാര്‍ക്കു പട്ടയം ലഭിച്ച സ്ഥലങ്ങളാണ് റവന്യു പട്ടയ ഭൂമികള്‍.
മുട്ടില്‍ സൗത്ത് വില്ലേജിലെ നിയമവിരുദ്ധ ഈട്ടി മുറിയുമായി ബന്ധപ്പെട്ട പോലീസ് കേസുകളില്‍ പ്രത്യേക അന്വേഷണ സംഘം 2023 ഡിസംബര്‍ നാലിനാണ് ബത്തേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. രാജ്യത്ത് ആദ്യമായി തടികളുടെ ഡിഎന്‍എ പരിശോധനാഫലവും ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കുറ്റപത്ര സമര്‍പ്പണം നടന്നിട്ടില്ലെന്ന് മുന്‍ ജില്ലാ ഗവ.പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസഫ് മാത്യു പറഞ്ഞു.



