അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്കാരം ഇന്ന് ബെംഗളൂരുവിൽ നടക്കും. സഹോദരൻ സി ജെ ബാബുവിന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിലാണ് സംസ്കാര ചടങ്ങുകൾ. പോസ്റ്റുമോർട്ടത്തിന് ശേഷം രാവിലെ 9 മണിയോടെ ബെംഗളൂരു ബോറിംഗ് ആശുപത്രിയിൽ നിന്ന് മൃതദേഹം വീട്ടിലെത്തിക്കുമെന്നാണ് വിവരം. ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദർശനം ഉണ്ടാകും.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഇൻകം ടാക്സ് റെയിഡിനിടെയാണ് റോയിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നഗരത്തിലെ റിച്ച്മണ്ട് സർക്കിളിനടുത്തുള്ള ഓഫീസിൽ വെച്ച് ലൈസൻസുള്ള തോക്കിൽ നിന്ന് വെടിയേൽക്കുകയായിരുന്നു. ആത്മഹത്യയാണെന്ന് പോലീസ് സംശയിക്കുന്നുണ്ടെങ്കിലും പോസ്റ്റുമോർട്ടം പരിശോധനയ്ക്ക് ശേഷം നിഗമനത്തിലെത്തുമെന്നാണ് ഔദ്യോഗിക റിപ്പോർട്ട്.



