ബെംഗളൂരു: റിയൽ എസ്റ്റേറ്റ് ഭീമനായ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ റോയി ജീവനൊടുക്കിയെന്ന അപ്രതീക്ഷിത വാര്‍ത്തയാണ് പുറത്തുവരുന്നത്. ബിസിനസ് ലോകത്ത് വിപ്ലവകരമായ വളര്‍ച്ചയായിരുന്നു സിജെ റോയിയുടേത്. പ്രസിദ്ധമായ നിരവധി ടെലിവിഷൻ ഷോകൾ സ്പോൺസര്‍ ചെയ്യുകയും, ശ്രദ്ധേയമായ നിരവധി സിനിമകൾ നിര്‍മിക്കുകയും ചെയ്ത സിജെ റോയ് കേരളത്തിലെ സകല മേഖലകളിലും തന്റേതായ സാന്നിധ്യം അറിയിച്ച വ്യക്തിയായിരുന്നു. കായിക രംഗത്തും സിജെ റോയ് നിക്ഷേപങ്ങളും സ്പോൺസര്‍ഷിപ്പുകളും നടത്തിയിരുന്നു. അങ്ങനെ കേരളമെങ്ങും അറിയുന്ന വലിയ പേരായിരുന്നു കോൺഫിഡന്റ് ഗ്രൂപ്പും സിജെ റോയിയും.

ദക്ഷിണേന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും റിയൽ എസ്റ്റേറ്റ് മേഖലയിൽ വിപ്ലവം സൃഷ്ടിച്ച കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഉദയം വെറും ഒരു ബിസിനസ് വിജയമല്ല, മറിച്ച് ദീർഘവീക്ഷണത്തിന്റെയും അചഞ്ചലമായ ആത്മവിശ്വാസത്തിന്റെയും കഥ കൂടി ആയിരുന്നു. ബെംഗളൂരുവിൽ ജനിച്ച് വളർന്ന്, വിദേശത്ത് വിദ്യാഭ്യാസം പൂർത്തിയാക്കി, ഫോർച്യൂൺ 500 കമ്പനിയായ ഹ്യൂലറ്റ്-പാക്കാർഡിലെ ജോലി ഉപേക്ഷിച്ചാണ് ഡോ. സി.ജെ. റോയ് സംരംഭകത്വത്തിലേക്ക് കടന്നുവന്നത്.

2006-ൽ റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് കടക്കുമ്പോൾ ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായിരുന്നു. എന്നാൽ കടബാധ്യതകളില്ലാത്ത ബിസിനസ് മോഡൽ എന്ന തനതായ ശൈലിയിലൂടെ അദ്ദേഹം ഗ്രൂപ്പിനെ വിജയപഥത്തിലെത്തിച്ചു. 165-ലധികം വൻകിട പദ്ധതികളും 15,000-ത്തിലധികം ഉപഭോക്താക്കളും ഇന്ന് കോൺഫിഡന്റ് ഗ്രൂപ്പിന്റെ കരുത്താണ്. റിയൽ എസ്റ്റേറ്റിന് പുറമെ ഹോസ്പിറ്റാലിറ്റി, വിനോദം, വിദ്യാഭ്യാസം, വ്യോമയാനം, അന്താരാഷ്ട്ര വ്യാപാരം എന്നീ മേഖലകളിൽ ഗ്രൂപ്പ് സാന്നിധ്യമറിയിച്ചു.