തിരുപ്പതി ക്ഷേത്രത്തിലെ വിഭവമായ ലഡ്ഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ലെന്ന് സിബിഐ. തിരുപ്പതി ലഡ്ഡു അഴിമതി അന്വേഷിക്കുന്ന സിബിഐ സംഘം ഇത് സ്ഥിരീകരിച്ചു.

ലഡ്ഡു ഉണ്ടാക്കാൻ ബീഫ്/പന്നി കൊഴുപ്പ് ഉപയോഗിച്ചിട്ടില്ലെന്നും കൃത്രിമ നെയ്യാണ് ഉപയോഗിച്ചതെന്നുമാണ് സിബിഐ നിലപാട്. തിരുമല വെങ്കിടേശ്വര ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വലിയ വിവാദങ്ങള്‍ക്ക് അവസാനമിടുന്നതാണ് സിബിഐ കണ്ടെത്തല്‍. തിരുമല-തിരുപ്പതി ദേവസ്ഥാനത്ത് നടന്നത് 250 കോടിയുടെ കുംഭകോണമാണ് നടന്നത് എന്നായിരുന്നു നെല്ലൂരിലെ അഴിമതി വിരുദ്ധ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിബിഐയുടെ നിലപാട്.

15 മാസത്തെ അന്വേഷണത്തിന് ശേഷമാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിലാണ് 2019 നും 2024 നും ഇടയില്‍ ക്ഷേത്രത്തിന് വിതരണം ചെയ്ത നെയ്യില്‍ മൃഗക്കൊഴുപ്പ് ഇല്ലെന്ന് കണ്ടെത്തല്‍ ഉള്‍പ്പെടുന്നത്. മൂന്നുവര്‍ഷത്തിനിടെ 250 കോടിയോളം വിലവരുന്ന 68 ലക്ഷം കിലോ കൃത്രിമ നെയ്യ് വാങ്ങിക്കൂട്ടിയെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവും ഉപമുഖ്യമന്ത്രി പവന്‍ കല്യാണുമായിരുന്നു തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡുവുമായി ബന്ധപ്പെട്ട ആരോപണം ഉന്നയിച്ചത്. ഭക്തര്‍ക്ക് വിളമ്പുന്ന ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് ചേര്‍ന്ന നിലവാരമില്ലാത്ത നെയ്യ് ഉപയോഗിച്ചിട്ടുണ്ടെന്നായിരുന്നു ആക്ഷേപം.