ബംഗുളൂരു: വിവാഹത്തിന് പിന്നാലെ യുവതി കാമുകനൊപ്പം ഒളിച്ചോടിയതിൽ മനംനൊന്ത് ഭർത്താവും യുവതിയുടെ ബന്ധുവും ജീവനൊടുക്കി. കര്‍ണാടകയിലെ ദാവന്‍ഗെരെ ജില്ലയിലാണ് സംഭവം.
ഹരീഷ് (30), രുദ്രേഷ് (36) എന്നിവരാണ് ജീവനൊടുക്കിയത്. സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി സരസ്വതി എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ജനുവരി 23 ന് ക്ഷേത്രത്തിൽ പോകാനെന്ന് പറഞ്ഞ് സരസ്വതി വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. എന്നാൽ തിരിച്ചെത്താത്തതിനെത്തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽക്കുകയും പിന്നീടുള്ള അന്വേഷണത്തിൽ സരസ്വതി കാമുകൻ ശിവകുമാറിനൊപ്പം ഒളിച്ചോടിയതായി കണ്ടെത്തുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് അറിഞ്ഞ ഹരീഷ് ഉത്തരവാദികളായവരുടെ പേരുകൾ എഴുതിവച്ചിട്ട് ജീവനൊടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ഹരീഷിന്റെ മരണ വാർത്ത താങ്ങാനാവാതെ രുദ്രേഷും ജീവനൊടുക്കി.
പ്രാഥമിക അന്വേഷണത്തിൽ വിവാഹത്തിന് മുമ്പ് തന്നെ സരസ്വതി ശിവകുമാറുമായി പ്രണയത്തിലായിരുന്നുവെന്നും ഹരീഷിന് ഇതേക്കുറിച്ച് അറിയാമായിരുന്നുവെന്നും കണ്ടെത്തി.
ഹരീഷ്, സരസ്വതിയുടെ വീട്ടുകാരെ നിർബന്ധിച്ചാണ് വിവാഹം നടത്തിയതെന്ന് റിപ്പോർട്ടുണ്ട്. ഹരീഷിന്റെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



